പ്രതിദിന ചിന്ത | കാലുകഴുകുന്ന മാതൃക

0

യോഹന്നാൻ 13:14 “കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.”

കർത്താവും ഗുരുവും ആയവൻ ശിക്ഷ്യന്മാരുടെ കാലുകൾ കഴുകുന്നു (13:1-17), യൂദാ ഇസ്കരിയോത്താ യേശുവിനെ കാണിച്ചു കൊടുക്കുവാൻ തയ്യാറാകുന്നു (13:18-30), തമ്മിൽ തമ്മിൽ സ്നേഹിക്കുവാനുള്ള യേശുവിന്റെ ആഹ്വാനം (13:31-38) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

താഴ്മയുടെ ഉദാത്ത മാതൃക യേശുവിന്റെ വാക്കുകൾക്കപ്പുറം ചെയ്തിയാൽ കാണിച്ചുകൊടുത്തതിന്റെ അടയാളപ്പെടുത്തലാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ വായന. ദാസന്റെ കടമയിൽ പെട്ട ഏറ്റവും ഹീനമായ ദൗത്യമാണ് യജമാനന്റെ കാലു കഴുകുക എന്നത്. ഈ മാതൃക ഒരു നാടകാവിഷ്കരണത്തിന്റെ രീതിയിൽ യേശു ശിക്ഷ്യന്മാരുടെ മുമ്പിൽ അവതരിപ്പിച്ചു കാണിച്ചു. യേശുക്രിസ്തു ദാസൻ ആണെന്ന പ്രഖ്യാപനവും അതേ മാതൃക പിന്തുടരുവാനുള്ള കൃത്യമായ ആഹ്വാനവുമാണ് യേശുവിന്റെ ഈ അനുക്രമത്തിന്റെ അന്തസത്ത. അത്താഴത്തിന് യേശുവും ശിക്ഷ്യന്മാരും ഇരുന്നു. യേശു അവരുടെ ഇടയിൽ നിന്നും എഴുന്നേറ്റു തന്റെ മേൽവസ്ത്രം അഴിച്ചു വച്ചിട്ട് ഒരു തുവർത്തു എടുത്തു അരയിൽ ചുറ്റി. തുടർന്ന് നിലത്തിരുന്നു ശിക്ഷ്യന്മാരുടെ കാലുകൾ കഴുകുവാൻ തുടങ്ങി. പത്രോസാകട്ടെ, തന്റെ കാൽ കഴുകുന്നതിലുള്ള വിസമ്മതം അറിയിച്ചു. പക്ഷേ യേശു താൻ തുടങ്ങിവച്ച മാതൃക അവസാനിപ്പിക്കുവാൻ തയ്യാറായതുമില്ല. അങ്ങനെ യേശു പന്തിരുവരുടെ കാലുകൾ കഴുകി താഴ്മയുടെ മാതൃക ലോകസമക്ഷം പ്രഖ്യാപിച്ചു. തമ്മിലുള്ള ‘മൂപ്പിളപ്പതർക്കം’ വളരെ ലളിതമായി പരിഹരിക്കുവാൻ ഈ മാതൃക കാരണമായി എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഉന്നതഭാവത്തിന്റെ പ്രതിഫലനം ശിക്ഷ്യന്മാരുടെ മനോഭാവങ്ങളിൽ മാത്രമല്ല ഇടപെടലുകളിലും പ്രകടമായതിന്റെ വെളിച്ചത്തിൽ ആയിരിക്കണം യേശു അത്തരത്തിലൊരു ചെയ്തിക്ക് മുതിർന്നത്. തന്റെ താഴ്മയുടെ മാതൃക ശിക്ഷ്യന്മാരുടെ മനോമുകുരത്തിനു ഏറ്റവും വ്യക്തമായി പൊരുൾ തിരിച്ചു കൊടുക്കുവാൻ യേശുവിനായി. കർത്താവും ഗുരുവുമായ യേശു തന്റെ ശിക്ഷ്യന്മാരുടെ കാൽ കഴുകിയ മാതൃക പോലെ ഈ പ്രമേയത്തിൽ തന്റെ അനുഗാമികൾക്കു അനുവർത്തിക്കാനാകുന്ന മറ്റൊരു മാതൃക ഇതഃപര്യന്തം മുമ്പോട്ടു വയ്ക്കപ്പെട്ടിട്ടില്ലെന്നു തന്നെ കുറിയ്ക്കുവാനാണ് പ്രേരണ!

പ്രിയരേ, ആത്മീക മണ്ഡലത്തിലെ പരസ്പരമുള്ള അനാരോഗ്യകരമായ മത്സരങ്ങൾ ദൈവപ്രവൃത്തികളുടെ പൂർണ്ണതയ്ക്ക് കാര്യമായ പ്രതിരോധം തീർക്കുമെന്ന വസ്തുത വിസ്മരിച്ചുകൂടാ! അത്തരം സന്ദർഭങ്ങളിൽ നമ്മുടെ മനോഭാവം എന്തായിരിക്കണമെന്ന യേശുകർത്താവിന്റെ മാതൃക അവലംബിക്കുന്നതിനാൽ പരസ്പരസ്നേഹത്തിലും ഉന്നത ആത്മബന്ധത്തിലും നാളുകൾ തികയ്ക്കുവാൻ നമുക്കാകുമെന്ന പാഠഭാഗമാണ് ഈ കുറിപ്പിന്റെ ഉന്നം!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like