പ്രതിദിന ചിന്ത | സാക്ഷ്യം പറയുവാനുള്ള ക്രിസ്തുപ്രബോധനം
യോഹന്നാൻ 15:27 “നിങ്ങളും ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിൻ.”
സാക്ഷാൽ മുന്തിരിവള്ളിയായ യേശു (15:1-8), സ്നേഹത്തിൽ വസിക്കേണ്ടതിന്റെ അനിവാര്യത (15:9-17), ശിക്ഷ്യന്മാരോടുള്ള ലോകത്തിന്റെ പ്രതികരണം മുന്നറിയിക്കുന്നു (15:18-25), കാര്യസ്ഥനായ പരിശുദ്ധാത്മാവിന്റെ വാഗ്ദത്തം (15:26-27) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
ശിക്ഷ്യന്മാരുമായി യേശു തുടരുന്ന സംഭാഷണമാണ് ഈ അദ്ധ്യായത്തിന്റേയും ഉള്ളടക്കം. യേശുവിന്റെ വേർപാടോടെ ലോകം തന്റെ ശിക്ഷ്യന്മാരെ പകയ്ക്കും എന്ന മുന്നറിയിപ്പ് യേശു തന്റെ ശിക്ഷ്യന്മാർക്ക് കൈമാറുന്നു. അതിനാധാരമായി “അവർ വെറുതെ എന്നെ പകച്ചു” (സങ്കീ. 35:19) (“വെറുതെ എനിക്കു ശത്രുക്കളായവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകെക്കുന്നവർ കണ്ണിമെക്കയുമരുതേ” എന്ന സങ്കീർത്തനഭാഗത്തിന്റെ സ്വതന്ത്ര പ്രയോഗം) എന്ന ദാവീദ്യ വാക്കുകളുടെ കടമെടുക്കൽ യേശു നടത്തുന്നു. ഈ വസ്തുതയിലേക്കു വിരൽചൂണ്ടുന്ന യേശുവിന്റെ പ്രസ്താവനകൾ സമഗ്രമായി പരിശോധിച്ചാൽ: “ലോകം നിങ്ങളെ (ശിക്ഷ്യന്മാർ) പകയ്ക്കുന്നു….” (16:18), ശിക്ഷ്യന്മാർ ലോകത്തിൽ അന്യരാണ് (16:19), ലോകത്തിൽ അന്യരായ അവർ ഉപദ്രവിക്കപ്പെടും (16 :20), ഉപദ്രവിക്കുന്നവർ പിതാവിനെ അറിയുന്നില്ല (16:21), യേശുവിന്റെ പ്രസ്താവിക്കപ്പെട്ട വാക്കുകളും ചെയ്യപ്പെട്ട പ്രവൃത്തികളും യേശുവിനെ അംഗീകരിക്കാത്തവർക്കുള്ള പാപകാരണമാണ് (16:22,24) എന്നീ നിലകളിൽ സംഗ്രഹിക്കാം. ഈ സൂചനകളാകട്ടെ, യേശുവിൽ വിശ്വസിക്കുന്നവർക്കുള്ള ഉറപ്പും അല്ലാത്തവർക്കുള്ള മുന്നറിയിപ്പുമായി പഠിയ്ക്കുന്നതാണ് യുക്തം. നേരിടുവാൻ സാധ്യതയുള്ള സകലത്തിലും ഉറച്ചു നില്കുവാനുള്ള ആഹ്വാനമാണ് യേശുകർത്താവ് തന്റെ ശിക്ഷ്യന്മാർക്ക് നൽകുന്ന പ്രബോധനത്തിന്റെ കാര്യസാരം. എന്തുതന്നെ സംഭവിച്ചാലും സാക്ഷ്യം പറയുന്നതിൽ നിന്നും വേർപെട്ടിരിക്കുവാൻ ശിക്ഷ്യന്മാർക്കു അനുവാദമില്ലായിരുന്നു എന്ന വസ്തുതയും വിശേഷാൽ ചൂണ്ടിക്കാണിക്കുവാനുണ്ട്!
പ്രിയരേ, ക്രിസ്താനുഗമനം അത്ര ലളിതമായ അനുക്രമമല്ല. ലോകത്തിന്റെ ഭൂരിപക്ഷം, ന്യൂനപക്ഷമായ ക്രിസ്താനുഗാമികൾക്കെതിരായി ഉയർത്തുന്ന വെല്ലുവിളികൾ ഏറെ വലുതായിരിക്കും. എന്തായിരുന്നാലും അതിനോടുള്ള അവരുടെ പ്രതികരണം കർത്തവ്യ നിർവ്വഹണത്തിലും സാമൂഹിക പ്രതിബദ്ധതയിലും ഊന്നിയുള്ളതായിരിക്കണം എന്ന യേശുവിന്റെ വാക്കുകളുടെ കാർക്കശ്യം വിസ്മരിക്കാവതാണോ!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.