പ്രതിദിന ചിന്ത | ബോധം വരുത്തുന്ന പരിശുദ്ധാത്മാവ്

0

യോഹന്നാൻ 16:8 “അവൻ (പരിശുദ്ധാത്മാവ്) വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.”

ക്രിസ്തുശിക്ഷ്യന്മാർക്കു നേരിടുവാനുള്ള അതി കഠിന സ്ഥിതിവിശേഷങ്ങളുടെ മുന്നറിയിപ്പ് (16:1-6), പരിശുദ്ധാത്മാവിന്റെ ഭൂമിയിലേക്കുള്ള ആഗമനം (16:7-15), യേശുവിന്റെ മടങ്ങിവരവ് സംബന്ധിച്ച മുന്നറിയിപ്പ് (16:16-31), തന്റെ ശിക്ഷ്യന്മാരാൽ താൻ ഒറ്റപ്പെട്ടു പോകുമെന്ന യേശുവിന്റെ മുന്നറിയിപ്പ് (16:32-33) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

പരിശുദ്ധാത്മാവിന്റെ ഭൂമിയിലേക്കുള്ള ആഗമനം യേശുവിന്റെ വിടവാങ്ങൽ സംഭാഷണത്തിലെ അതിപ്രാധാന്യമർഹിക്കുന്ന പ്രമേയമാണ്. യേശു തന്റെ ശിക്ഷ്യന്മാരുമായി ഭൂമിയിൽ പാർത്തു ശുശ്രൂഷ ചെയ്തു വന്ന നാളുകൾ എന്തുകൊണ്ടും ശിക്ഷ്യന്മാർക്കു പ്രയോജനപ്രദമായ സമയം ആയിരുന്നു. എന്നാൽ അവിടുത്തെ വേർപിരിയൽ അവരെ സംബന്ധിച്ച് അത്യന്തം ദുഃഖത്തിനു കാരണമായി തീർന്നെന്നു യേശു തിരിച്ചറിഞ്ഞു (16:6). ഈ പശ്ചാത്തലത്തിൽ നിന്നും അവരെ തിരികെ എത്തിക്കുവാൻ യേശു അവരെ സമാശ്വസിപ്പിച്ചു കൊണ്ട് തിരുവായ് മൊഴിയുമ്പോൾ പരിശുദ്ധാത്മാവിന്റെ ആഗമനമാണ് ഊന്നൽ കൊടുക്കുന്ന പ്രമേയം. “ഞാൻ പോകുന്നത് നിങ്ങൾക്കു പ്രയോജനം” (16:7) എന്ന ആമുഖത്തോടെ യേശുവിന്റെ പ്രസ്താവന ആരംഭിക്കുന്നു. പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ അഥവാ സഹായകൻ ലോകത്തിലേക്ക് ഇറങ്ങി വരുവാൻ യേശുവിന്റെ സ്വർഗ്ഗാരോഹണം കൂടിയേ തീരൂ എന്നു യേശു കൃത്യമായി സൂചിപ്പിക്കുന്നു. അടുത്ത മറ്റൊരു കാലഘട്ടം അഥാവാ യുഗം ഭൂമിയിൽ സ്ഥാപിക്കുവാൻ ഈ അനുക്രമം അനിവാര്യമാണെന്നാണ് യേശു പറഞ്ഞതിന്റെ വിരൽചൂണ്ടലെന്നു പഠിയ്ക്കുന്നതാണെനിക്കിഷ്ടം! പാപം, നീതി, ന്യായവിധി എന്നിവയെ കുറിച്ചുള്ള ബോധം വരുത്തൽ മനുഷ്യനിൽ ഉളവാക്കി അതിലൂടെ മാനസാന്തരവും ആത്യന്തികമായി അന്ത്യന്യായവിധിയിൽ നിന്നുള്ള മോചനവും ഉറപ്പാക്കുവാൻ പരിശുദ്ധാത്മാവിന്റെ ആഗമനം അനിവാര്യമാണെന്നു യേശു ശിക്ഷ്യന്മാരെ ബോധ്യപ്പെടുത്തുന്നു. അതായത്, മനുഷ്യർക്ക് ബുദ്ധിപരമായി സ്വീകരിക്കുവാനോ തിരസ്കരിക്കുവാനോ ഉതകുന്ന നിലയത്തിൽ സുവിശേഷത്തിന്റെ യാഥാർഥ്യത്തെ യുക്തിസഹമായി തെളിയിച്ചു കൊടുക്കുന്ന ദൗത്യമാണ് പരിശുദ്ധാത്മാവിന്റെ വരവോടെ സംഭവിക്കുന്നത്. അതിനു ഉപയോഗിക്കപ്പെടുന്നതാകട്ടെ, പരിശുദ്ധാത്മാവിനാൽ നിറയപ്പെടുന്ന ശിക്ഷ്യന്മാരും!

പ്രിയരേ, പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെ സുവിശേഷത്തിന്റെ യുക്തിസഹമായ പ്രഖ്യാപനത്തിനാണ് ലോകം കാതോർത്തത്! പാപത്തിന്റെ അതിപ്രസരം ഉപേക്ഷിച്ചു നീതിയുടെ പാതയിലൂടെയുള്ള ഗമനം ആരംഭിക്കുകയും ന്യായവിധിയുടെ ദുഷ്കരനാളുകളെ ഒഴിഞ്ഞു പോകുവാൻ ഒരുവൻ പ്രാപ്തനാകുകയും ചെയ്യുന്നതു പരിശുദ്ധാത്മാവിനാൽ ബോധം വരുത്തപ്പെടുമ്പോൾ മാത്രമാണ്. അതല്ലേ കൃപായുഗം ഉറപ്പുതരുന്ന അത്യുത്തമ സൗഭാഗ്യവും!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like