നൈജീരിയയിൽ 33 ക്രൈസ്തവരെ കൊലപ്പെടുത്തി ഇസ്ലാമിക തീവ്രവാദികൾ

0

അബൂജ: ഇസ്ലാമിക ഗോത്ര വിഭാഗത്തിലെ ഫുലാനി തീവ്രവാദികളും, മറ്റ് ഏതാനും ചില മുസ്ലീം തീവ്രവാദി സംഘടനകളും ചേർന്ന് 33 ക്രൈസ്തവ വിശ്വാസികളെ നൈജീരിയയില്‍ കൊലപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച കൊലപാതക പരമ്പര, ഞായറാഴ്ച പുലർച്ച വരെ നീണ്ടുനിന്നുവെന്നാണ് മോർണിംഗ് സ്റ്റാർ ന്യൂസിന്റെ റിപ്പോര്‍ട്ട്. കട്ടഫ് കൗണ്ടിയിൽ ക്രൈസ്തവർ തിങ്ങി പാർക്കുന്ന രുൻജി എന്ന ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ ശനിയാഴ്ച 10 മണിയോടുകൂടിയാണ് ഇരച്ചുകയറി അക്രമണം നടത്തിയത്. ഇത് കറുത്ത ഞായറായിരിന്നുവെന്നും തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പ്രദേശവാസിയായ മുഗു സക്കാ എന്നയാള്‍ മോർണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.

രുൻജിയിൽ തീവ്രവാദികൾ ക്രൈസ്തവരുടെ വീടുകൾ അഗ്നിയ്ക്കിരയാക്കിയിരിന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിരവധി പേർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്. 40 വീടുകൾ തകർക്കപ്പെട്ടുവെന്നാണ് സർക്കാർ വൃത്തങ്ങൾ നല്‍കുന്ന സൂചന. രുൻജി ഗ്രാമത്തിൽ തന്നെ നാല് ദിവസങ്ങൾക്കു മുമ്പ് രണ്ട് ക്രൈസ്തവർ കൊല്ലപ്പെട്ടിരുന്നുവെന്ന് ദക്ഷിണ കടുണയിലെ ക്രൈസ്തവ നേതാവായ ബൗട്ടാ മോട്ടി വെളിപ്പെടുത്തി. പ്രദേശത്ത് ക്രൈസ്തവർക്കെതിരെ ഈ ആഴ്ച നടക്കുന്ന മൂന്നാമത്തെ അക്രമണമാണ് ശനിയാഴ്ച നടന്നതെന്ന് മോട്ടി പറഞ്ഞു.

രുൻജി ഗ്രാമത്തിൽ കൊലചെയ്യപ്പെട്ടവരുടെ മൃതസംസ്കാര ശുശ്രൂഷ ഇന്നലെ തിങ്കളാഴ്ച നടന്നു. സൊങ്കുവാ ആംഗ്ലിക്കൻ ബിഷപ്പ് ജേക്കബ് ക്വാശി ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകി. കഴിഞ്ഞ ഏഴര വർഷമായി ദക്ഷിണ കടുണയിൽ ജീവിക്കുന്നവർ സാത്താന്റെ പ്രവർത്തനമാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനും, കേന്ദ്രസർക്കാരിനും ഇത് അവസാനിപ്പിക്കാനുള്ള പ്രാപ്തിയുണ്ടെങ്കിലും, അവർ ചെയ്യുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസികൾക്ക് ജീവിക്കാൻ ഏറ്റവും പ്രയാസമുള്ള രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ നൈജീരിയ ആറാം സ്ഥാനത്താണ്.

You might also like