രാഹുല്‍ ഗാന്ധിയെ രംഗത്തിറക്കി ക്രിസ്ത്യന്‍ വിഭാഗങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്

0

സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങളെ കോണ്‍ഗ്രസിന്റെ കുടക്കീഴിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധിയെ തന്നെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രമുഖ ക്രൈസ്തവ ബിഷപ്പുമാരും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച സംഘടിപ്പിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.

ക്രൈസ്തവ സമുദായങ്ങള്‍ക്ക്് നിര്‍ണായക സ്വാധീനമുള്ള ലോക്‌സഭാ മണ്ഡലങ്ങളെല്ലാം തന്നെ ഇപ്പോള്‍ കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും കൈയിലാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ  മണ്ഡലങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായാല്‍ 2026 ലെ തിരഞ്ഞെടുപ്പില്‍ അത് കോണ്‍ഗ്രസിന്റെ സാദ്ധ്യതകളെ വലിയ ബാധിക്കും.

കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്‌ളാനിയെ സന്ദര്‍ശിച്ചുവെങ്കിലും സഭാ വൃത്തങ്ങള്‍ അതൊന്നും കാരമായി എടുത്തിട്ടില്ല. ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ആരുമായും ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ക്ക് വലിയ ബന്ധമില്ല. സതീശന്‍ – സുധാകരന്‍ നേതൃനിരയെ അംഗീകരിച്ചുകൊണ്ടുമുന്നോട്ട് പോകാനും ക്രൈസ്തവ മത മേലദ്ധ്യക്ഷന്‍മാര്‍ക്ക് താത്പര്യമില്ല. അത് കൊണ്ടാണ് ഐ ഐ സി സി നേതൃത്വത്തെ തന്നെ ഇടപെടുവിച്ച് ക്രൈസ്തവ വിഭാഗങ്ങളെ അനുനയിപ്പിക്കുക എന്ന ചിന്തയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തുന്നത്.

സംസ്ഥാന കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ കെ സി ജോസഫ് ക്രൈസ്തവ വിഭാഗങ്ങള്‍ ഇടഞ്ഞാല്‍ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം തന്നെ കെ പി സി സി നേതൃത്വത്തിന് നല്‍കിയപ്പോള്‍ അദ്ദേഹത്തെ അപമാനിക്കാനും അവഗണിക്കാനുമാണ് കെ സുധാകരന്‍ അടക്കമുളളവര്‍ ശ്രമിച്ചതെന്ന് ക്രൈസ്തവ സഭാ അദ്ധ്യക്ഷന്‍മാര്‍ കുറ്റപ്പെടുത്തുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിശ്വസിച്ച് ഒരു കാര്യത്തിനും തങ്ങള്‍ ഇറങ്ങിപ്പുറപ്പെടില്ലന്ന സൂചനയാണ് ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍മാര്‍ നല്‍കുന്നത്.

You might also like