യേശുവിനെ കാണാന്‍ പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു

0

നെയ്റോബി: യേശുവിനെ കണ്ട് വേഗത്തില്‍ സ്വര്‍ഗത്തില്‍ പോകാമെന്ന വിശ്വാസത്തില്‍ പട്ടിണി കിടന്ന് ഉപവസിച്ച് മരിച്ചവരുടെ എണ്ണം 200 കവിഞ്ഞതായി അധികൃതര്‍ അറിയിച്ചു. മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമത്തിലാണ് സംഭവം. ഇന്നലെ പൊലീസ് 22 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ 201 ആയി ഉയര്‍ന്നത്. കെനിയയിലെ ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച് പാസ്റ്റര്‍ മാക്കന്‍സീ ന്തെംഗേ അഥവാ പോള്‍ മാക്കന്‍സിയുടെ അനുയായികളാണ് മരിച്ചത്.

ആരാധനയുടെ ഭാഗമായി യേശുദേവനെ കാണാന്‍ കാട്ടിനുള്ളില്‍ പട്ടിണി കിടക്കാന്‍ ഇവരോട് പാസ്റ്റര്‍ നിര്‍ദേശിക്കുകയായിരുന്നു. സംഭവം പുറത്തായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അറസ്റ്റിലായ മക്കെന്‍സി ഇപ്പോഴും കസ്റ്റഡിയിലാണ്. 600ലധികം പേരെ ഇപ്പോഴും കാണാതായതായി പരാതിയുണ്ട്. പോള്‍ മക്കെന്‍സിയുടെ ഉടമസ്ഥതയിലുള്ള 800 ഏക്കര്‍ വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഡസന്‍ കണക്കിന് കൂട്ടക്കുഴിമാടങ്ങളില്‍ നിന്ന് നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാസ്റ്ററുടെ മാലിണ്ടിയിലെ വസ്തുവകകളില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഒന്നിന് പുറകെ ഒന്നായി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ മൃതദേഹത്തില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ പൊലീസ് ശേഖരിച്ചു. ഇതില്‍ നിന്നാണ് പട്ടിണി മൂലമാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയത്.

ചില മൃതദേഹങ്ങളില്‍ ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതായി കോടതി രേഖകള്‍ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് മക്കെന്‍സിയെ 2019 ലും ഈ വര്‍ഷം മാര്‍ച്ചിലും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസുകള്‍ മുന്നോട്ട് പോയില്ല.

വനപ്രദേശത്ത് ഇത്തരം പ്രാര്‍ത്ഥന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. 11 പേരെ മാത്രമാണ് ജീവനോടെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു. നേരത്തെ സമാനമായ മറ്റൊരു സംഭവത്തില്‍ രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പാസ്റ്റര്‍  പോള്‍ മാക്കന്‍സീ ജാമ്യത്തിലാണ്. മരണം ആ കുട്ടികള നായകരാക്കും എന്നായിരുന്നു അന്ന് പാസ്റ്റര്‍ മാതാപിതാക്കളോട് പറഞ്ഞത്.

ഈ കുട്ടികളെയും ഇതേ കാട്ടില്‍ അടക്കം ചെയ്‌തെന്നാണ് പൊലീസ് വിവരം. സമുദായ പുരോഹിതരെ ഉള്‍പ്പെടെ അടക്കം ചെയ്ത കൂട്ട ശവക്കുഴി ഉണ്ടെന്നും, അത് കാട്ടുവാസികളുടെ സഹായത്തിലാണെന്നും സംശയിക്കുന്നതിനാല്‍ പൊലീസിന് ഈ കേസില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

You might also like