വിശ്വാസികൾക്ക് സിനിമ കാണാൻ കഴിയുമോ?

0

ചില ദശാബ്ദങ്ങൾക്ക് മുമ്പ്, “വിശ്വാസികർക്ക് സിനിമാ തിയേറ്ററുകളിൽ പോകാമോ?” എന്നതായിരുന്നു ചോദ്യം. മുതിർന്ന വിശ്വാസികളിൽ നിന്നും പ്രസംഗകരിൽ നിന്നുമുള്ള ഉത്തരം കർശനമായി “ഇല്ല” എന്നായിരുന്നു, അവരുടെ ഏറ്റവും ശക്തമായ ബൈബിൾ ഉദ്ധരണി സങ്കീർത്തനം 1:1 ആയിരുന്നു. എങ്ങനെയാണ് ദൈവജനത്തെ “പരിഹാസികളുടെ ഇരിപ്പിടത്തിൽ” ഇരിക്കാൻ കഴിയുക എന്നതായിരുന്നു വാദം. ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. സിനിമ കാണാൻ തിയേറ്ററുകളിൽ “പോകേണ്ട” ആവശ്യമില്ല. തിയേറ്റർ ഞങ്ങളുടെ സ്വീകരണമുറികളിലേക്ക് “വന്നു”. ടെലിവിഷൻ – ഇന്റെർനെറ്റ് സ്ഫോടനം സാഹചര്യത്തെ ആകെ മാറ്റിമറിച്ചു.

സിനിമാ തിയറ്ററുകളിൽ പോകുന്നത് ഭയങ്കര പാപമായി കണക്കാക്കിയിരുന്ന ഒരു വീട്ടിലാണ് ഞാൻ വളർന്നത്. സിനിമയെ എല്ലാ പാപങ്ങളുടെയും മാതാവ് (SIN-MA) എന്നാണ് നമ്മുടെ സഭാ നേതാക്കൾ വിളിച്ചിരുന്നത്.

വീണ്ടും ജനിച്ച പ്രിയപ്പെട്ടവർ വാണിജ്യപരവും ലൗകികവുമായ സിനിമകളൊന്നും കാണേണ്ടതില്ലെന്ന് ക്രിയാത്മകമായി തീരുമാനിക്കുകയാണെങ്കിൽ, അത് വളരെ നല്ലതാണ്. അതുമൂലം അവർക്ക് ജീവിതത്തിൽ നഷ്ടപ്പെടാൻ ഒന്നുമില്ല. അതേ സമയം എല്ലാ സിനിമകളെയും മോശമായി ചിത്രീകരിക്കുന്നതും ശരിയല്ല. സദാചാര, ധാർമിക, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളിൽ ശക്തമായ സന്ദേശങ്ങൾ നൽകുന്ന സിനിമകളുണ്ട്. അത്തരം സിനിമകൾ നമ്മുടെ ഹൃദയത്തെ പഠിപ്പിക്കുകയും നമ്മുടെ ചിന്തകളെ ഉണർത്തുകയും ചെയ്യുന്നു. അർത്ഥശൂന്യമായ പാരമ്പര്യങ്ങളും ശൂന്യമായ ആചാരങ്ങളും ഇങ്ങനെയുള്ള സിനിമകളിൽ ചോദ്യം ചെയ്യപ്പെടുന്നു. മൂല്യങ്ങൾക്ക് വേണ്ടി സംസാരിക്കുകയും, സാമുഹിക നന്മയെ നാടിനു കാണിച്ചു കൊടുക്കുന്ന സിനിമാ പ്രവർത്തകരും ഉണ്ട്.

അതെ എന്നോ ഇല്ല എന്നോ ഉത്തരം നൽകാൻ കഴിയാത്ത ഒന്നാണ് സിനിമകളെക്കുറിച്ചുള്ള ചോദ്യം. എന്നിരുന്നാലും സമഗ്രമായ ബൈബിൾ തത്വം ഇതാണ്: “ സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.
സകലവിധദോഷവും വിട്ടകലുവിൻ.” (1 തെസ്സ 5:21-23).

പാസ്റ്റർ വെസ്ലി ജോസഫ്‌

You might also like