മറുനാടന്‍ മലയാളി നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് ഹൈക്കോടതി

0

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ ഗുരുതര വിമര്‍ശനങ്ങള്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. ഷാജന്‍ മനപൂര്‍വ്വം വ്യക്തികളെ അവഹേളിക്കുന്നുവെന്നും മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കി ആണ് ഇയാള്‍ ജീവിക്കുന്നതെന്നുമാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നിലപാട് എടുത്തത്. പി.വി. ശ്രീനിജിന്‍ എംഎല്‍എയെ നിരന്തരം അപമാനിച്ചതിന് തെളിവുണ്ട്. ഷാജന്‍ സ്‌കറിയ ഒരു ആശ്വാസവും അര്‍ഹിക്കുന്നില്ലന്നും വീഡിയോകള്‍ അടക്കം സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍ ആരോപിച്ചു.

ഇതിനിടെ ഷാജന്‍ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് ഹൈക്കോടതി ഇന്നും ആവര്‍ത്തിച്ചു. എന്നാല്‍, ഷാജന്‍ സ്‌കറിയ ചെയ്ത വാര്‍ത്ത ദളിത് പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് അദേഹത്തിന്റെ അഭിഭാഷകനായ പി വിജയഭാനു വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ വിവിധ കോടതികള്‍ നടത്തിയ വിധികള്‍ അദേഹം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി.

പിവി ശ്രീനിജിന്‍ എംഎല്‍എയ്ക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ കേസിലാണ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. നേരത്തെ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
അറസ്റ്റ് തടയണമെന്ന ഷാജന്റെ ആവശ്യം കോടതി നിരസിച്ചു. തുടര്‍ന്നാണ് അദേഹം ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തിയത്. മറുനാടന്‍ യുട്യൂബ് ചാനലിലൂടെ വ്യാജവാര്‍ത്ത നല്‍കി വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന ശ്രീനിജിന്റെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരമാണ് എളമക്കര പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിന് ‘മറുനാടന്‍ മലയാളി’ യുട്യൂബ് ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് കൈമാറിയിട്ടുണ്ട്. ഫെമ നിയമലംഘനത്തിന് 29-ന് കൊച്ചി ഇ.ഡി. ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് ഷാജന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ജി. കവിത്കറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഷാജന്റെ എല്ലാവിധ സ്വത്തുക്കളുടെയും 10 വര്‍ഷത്തെ ആദായനികുതി അടച്ചതിന്റെയും 10 വര്‍ഷത്തെ ബാലന്‍സ് ഷീറ്റും ഹാജരാക്കണം. ഷാജന്റെ എല്ലാ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും 10 വര്‍ഷത്തെ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റുകളും ഇന്ത്യയ്ക്ക് അകത്തേക്കും പുറത്തേക്കുമുള്ള പണമിടപാടുകളുടെ രേഖകളും ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജന്റെ കോട്ടയത്തെ വീട്ടിലെ വിലാസത്തിലാണ് നോട്ടീസ് കൈമാറിയിരിക്കുന്നത്. ഷാജന്റെ പേരില്‍ കേസുണ്ടെന്നും ഇഡി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.

You might also like