ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍; ഗുജറാത്തില്‍ ഓപ്പറേഷന്‍ സെന്റര്‍; ആമസോണ്‍ 15ബില്യണ്‍ ഡോളര്‍ നിക്ഷേപമിറക്കും; ടെക് കുതിച്ചുചാട്ടത്തിനൊരുങ്ങി രാജ്യം

0

ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ ഫണ്ടിലേക്ക് 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമേരിക്കയില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തില്‍ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ തുറക്കുമെന്നും സുന്ദര്‍ പിച്ചെ വ്യക്തമാക്കി. ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ ഫണ്ടില്‍ ഗൂഗിള്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നുണ്ട്.

ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ തുറക്കുന്നതായി ഞങ്ങള്‍ പ്രഖ്യാപിക്കുകയാണെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന 1,000 ഭാഷകള്‍ കൊണ്ടുവരാനുള്ള ഗൂഗിളിന്റെ ആഗോള ശ്രമങ്ങളുടെ ഭാഗമാണിത്. ഓണ്‍ലൈനിലെ അറിവും വിവരങ്ങളും അവരുടെ ഇഷ്ട ഭാഷയില്‍ ആക്‌സസ് ചെയ്യാന്‍ ആളുകളെ സഹായിക്കുന്നതിന് ഐഐടി മദ്രാസിനൊപ്പം പ്രവര്‍ത്തിക്കും.

അതേസമയം, ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഇന്ത്യയില്‍ 15 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. ആമസോണ്‍ പ്രസിഡന്റും സിഇഒയുമായ ആന്‍ഡ്രൂ ആര്‍ ജാസിയുമായി മോദി വാഷിങ്ടണ്‍ ഡിസിയിലാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയിലെ ലോജിസ്റ്റിക് മേഖലയില്‍ ആമസോണുമായി കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതകളാണ് ചര്‍ച്ചയായത്. ഇന്ത്യയിലെ മൊത്തം നിക്ഷേപം 26 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് കമ്പനിയുടെ പ്രസിഡന്റ് വ്യക്തമാക്കി. .ഇതുവരെ കമ്പനി 11 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ജാസി അറിയിച്ചു.

You might also like