പത്മശ്രീ പുരസ്കാരം ലഭിച്ച ഐറിഷ് സന്യാസിനി സിസ്റ്റർ സിറിൽ മൂണി ഇനി ഓര്‍മ്മ

0

കൽക്കത്ത: ഭാരതത്തിലെ ദരിദ്രരായ കുട്ടികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച രാജ്യത്തെ പരമോന്നത സിവിൽ പുരസ്കാരമായ പത്മശ്രീ അവാർഡ് ജേതാവും ഐറിഷ് സന്യാസിനിയുമായ സിസ്റ്റർ സിറിൽ മൂണി എണ്‍പത്തിയാറാം വയസ്സിൽ അന്തരിച്ചു. ഏറെനാളായി രോഗാവസ്ഥയിലായിരുന്നു. 1956 കപ്പല്‍ മാര്‍ഗ്ഗമാണ് സിസ്റ്റര്‍ കൽക്കത്തയിലേക്ക് വരുന്നത്. 1979ൽ സുവോളജിയിൽ ഡോക്ടറൽ ഡിഗ്രി പൂർത്തിയാക്കിയതിനു ശേഷം സിയാൽദയിലെ പ്രശസ്തമായ ലോറേറ്റോ സ്കൂളിൽ പ്രിൻസിപ്പലായി സിസ്റ്റർ നിയമിതയായി. വിദ്യാഭ്യാസത്തിലൂടെ മാറ്റങ്ങൾ കൊണ്ടുവരാമെന്നും, ദരിദ്രരായവരെ ശാക്തീകരിക്കാം എന്നും മനസ്സിലാക്കിയ സിസ്റ്റർ സിറിൽ മൂണി ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് റെയിൻബോ സ്കൂൾ പ്രോഗ്രാം എന്ന പദ്ധതിക്ക് തുടക്കമിട്ടു.

നേരത്തെ ലോറേറ്റോ സ്കൂളിൽ പണക്കാരായവർക്ക് മാത്രമേ വിദ്യാഭ്യാസം നേടാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പുതിയ പദ്ധതിയിലൂടെ ദരിദ്രരായവർക്കും ഇവിടെ വിദ്യാഭ്യാസം നേടാൻ സാധിച്ചു. ഏകദേശം 450,000 ത്തോളം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. പണമടച്ച് വിദ്യാഭ്യാസം നേടുന്ന 700 കുട്ടികൾ നൽകുന്ന പണം ഉപയോഗിച്ച് തന്നെ ദരിദ്രരായ 700 കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന രീതിയിലായിരിന്നു റെയിൻബോ സ്കൂൾ പ്രോഗ്രാമിന്റെ പ്രത്യേകത. കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നൽകുമ്പോൾ ദരിദ്രരായ 25% കുട്ടികൾ എങ്കിലും അതിലുണ്ടായിരിക്കണമെന്ന് തങ്ങൾ ഉറച്ച തീരുമാനം എടുത്തുവെന്നും, എന്നാൽ ക്രമേണ ആ ശതമാനം അമ്പതായി വർദ്ധിച്ചുവെന്നും 2015ൽ സിസ്റ്റർ മൂണി, ദ ഐറിഷ് ടൈംസ് എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തെരുവിൽ കഴിയുന്ന കുട്ടികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ മാതൃകയിൽ താമസസൗകര്യവും സ്കൂൾ അധികൃതർക്ക് ലഭ്യമാക്കി. ഭവനമില്ലാത്ത 200 തെരുവ് കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ഒരു കേന്ദ്രവും സിസ്റ്റർ ആരംഭിച്ചു. സിസ്റ്റർ മൂണിയുടെ പ്രവർത്തനം ഇന്ത്യയില്‍ അകത്തും പുറത്തും അനേകര്‍ക്ക് പ്രചോദനമായി മാറി. റൈറ്റ് ടു എഡ്യൂക്കേഷൻ ആക്ട് പ്രകാരം 2010 മുതൽ പ്രൈവറ്റ് വിദ്യാലയങ്ങൾ കുട്ടികൾക്ക് പ്രവേശനം നൽകുമ്പോൾ 25% എങ്കിലും സമൂഹത്തിൽ അരക്ഷിതാവസ്ഥ നേരിടുന്ന കുട്ടികൾക്ക് നൽകണമെന്ന് നിഷ്കർഷിക്കുന്നു.

അധ്യാപകർക്ക് പരിശീലനം നൽകുന്ന കോളേജുകളിൽ പ്രവേശനം നേടാൻ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത തെരുവുകളിൽ കഴിയുന്ന യുവജനങ്ങൾക്ക് അധ്യാപകരാകാൻ വേണ്ടിയുള്ള പരിശീലനം നൽകാൻ ബേയർഫൂട്ട് ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാമിന് തുടക്കം കുറിച്ചതും സിസ്റ്റർ സിറിൽ മൂണിയാണ്. ഇവിടെനിന്ന് പരിശീലനം പൂർത്തിയാക്കിയ 7000 അധ്യാപകർ വിദ്യാഭ്യാസം നേടാൻ സാധ്യത ഇല്ലാതിരുന്ന മൂന്നു ലക്ഷത്തിഅമ്പതിനായിരത്തോളം കുട്ടികൾക്കാണ് വിദ്യാഭ്യാസം നൽകിയത്. 2007-ല്‍ പത്മശ്രീ നൽകി ഭാരത സർക്കാർ സിസ്റ്ററിനെ ആദരിച്ചു. 2013ൽ അയർലണ്ടിൽ നിന്നും സിസ്റ്റർ മൂണിക്ക് ആദരം ലഭിച്ചിരുന്നു. ജൂൺ 27നു കൽക്കത്തയിലെ സെന്റ് തോമസ് ദേവാലയത്തിൽ മൃതസംസ്കാരം നടത്തി.

You might also like