മണിപ്പൂരിൽ പ്രശ്ന പരിഹാരത്തിന് ഇരുവിഭാഗങ്ങളുമായി കേന്ദ്രം ചർച്ചയ്‌ക്കൊരുങ്ങുന്നു Jul 27, 2023
കലുഷിതമായ മണിപ്പൂരിൽ പ്രശ്ന പരിഹാര നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. കലാപം പൂർണ തോതിൽ ഇനിയും അവസാനിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്നാണ് സർക്കാരിന്റെ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കുക്കി, മെയ്തി വിഭാഗങ്ങളുമായി രഹസ്യാനേഷ്വണ വിഭാഗം ചർച്ച തുടങ്ങിയതായി റിപ്പോർട്ടുകൾ. മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയടക്കം ചർച്ചയ്ക്കായി നിയോഗിച്ചതെന്നും സൂചനയുണ്ട്.
വടക്കു- കിഴക്കൻ സംസ്ഥാനക്കാരായ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ കുക്കി വിഭാഗവുമായി ഇന്നലെ ചർച്ച നടത്തി. നിലവിലെ ഇന്റലിജന്റ്സ് ഉദ്യോഗസ്ഥരിൽ ചിലർ മെയ്തി വിഭാഗവുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് ഉദ്യോഗസ്ഥർ ഇരു വിഭാഗത്തേയും അറിയിച്ചതായും സൂചനകളുണ്ട്.
അതിനിടെ മണിപ്പൂരിൽ സംഘർഷം തുടരുന്നുണ്ട്. ഇന്നലെ മ്യാന്മര്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള മൊറേയിലാണ് സംഘര്‍ഷമുണ്ടായത്. ആയുധങ്ങളുമായെത്തിയ കലാപകാരികള്‍ നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. മെയ്തി സമുദായത്തില്‍പ്പെട്ട 30 ഓളം പേരുടെ വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചു. മൊറേ മാര്‍ക്കറ്റും അഗ്നിക്കിരയാക്കി.
കാംഗ്‌പോങ്പി ജില്ലയില്‍ സുരക്ഷാ സൈനികരുടെ രണ്ടു വാഹനം അഗ്നിക്കിരയാക്കി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദിമാപൂരില്‍ നിന്നെത്തിയ വാഹനം സപോര്‍മെനയില്‍ വെച്ച് പ്രദേശവാസികള്‍ തടഞ്ഞു നിര്‍ത്തി. മറ്റു സമുദായക്കാരുണ്ടോയെന്ന് പരിശോധിക്കുന്നതിനിടെ, ഒരു സംഘം തീവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.