പ്രതികൂല സാഹചര്യത്തിലും നേരിയ വളര്‍ച്ച കൈവരിച്ചു യുകെ സമ്പദ് വ്യവസ്ഥ; മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്കു തിരിച്ചടി
യുകെ : പ്രതികൂല സാഹചര്യങ്ങളിലും ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ പിടിച്ചുനില്‍ക്കുകയും നേരിയ വളര്‍ച്ച നേടുകയും ചെയ്തത് കൂടുതല്‍ പലിശ നിരക്ക് വര്‍ദ്ധനവുകള്‍ക്ക് കളമൊരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍. യുകെ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച കൈവരിച്ചതാണ് മോര്‍ട്ട്‌ഗേജുകാരെ വേദനിപ്പിക്കുന്ന നിരക്ക് വര്‍ദ്ധനവിലേക്ക് വീണ്ടും നയിക്കുക.
സമ്പദ് വ്യവസ്ഥ ജൂണില്‍ തിരിച്ചുവരവ് നടത്തിയിരുന്നു. മേയില്‍ 0.1 ശതമാനത്തിലേക്ക് ഇടിഞ്ഞ ശേഷമാണ് 0.5 ശതമാനം വളര്‍ച്ച നേടിയത്. കിരീടധാരണത്തിനായി അധിക ബാങ്ക് ഹോളിഡേ പ്രഖ്യാപിച്ചതാണ് മേയില്‍ ഇടിവിന് കാരണമായതെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കാക്കുന്നു.
ചൂടേറിയ വൈകുന്നേരങ്ങളും, തണുത്ത പിന്റും, സ്റ്റേഡിയങ്ങളില്‍ നിറഞ്ഞ സംഗീതാസ്വാദകരുമെല്ലാം വളര്‍ച്ചയ്ക്ക് കാരണങ്ങളായി. നിര്‍മ്മാണ മേഖലയും അത്ഭുതപ്പെടുത്തി ഈ വളര്‍ച്ചയില്‍ സഹായിച്ചു. ‘പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലം കാണുന്നുണ്ട്. സമ്പദ് വ്യവസ്ഥയ്ക്ക് വളരാന്‍ ആവശ്യമായ ശക്തമായ അടിത്തറയാണ് നമ്മള്‍ നല്‍കുന്നത്’, ചാന്‍സലര്‍ ജെറമി ഹണ്ട് പറഞ്ഞു.
യുകെയുടെ ജൂലൈയിലെ പണപ്പെരുപ്പ ഡാറ്റ അടുത്ത ബുധനാഴ്ച പുറത്തുവരും. വിലക്കയറ്റം ജൂണ്‍ മാസത്തിലെ 7.9 ശതമാനത്തില്‍ നിന്നും തണുത്താറി കഴിഞ്ഞ മാസം 6.5 ശതമാനത്തില്‍ എത്തിയതായി രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.