കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ ആരോഗ്യ കാരണങ്ങളാല്‍ റദ്ദാക്കിയത് 5.80 ലക്ഷം ലൈസന്‍സുകള്‍
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ആരോഗ്യ കാരണങ്ങളാല്‍ 5 ലക്ഷത്തിലധികം പേര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടതായി ദിസ് ഈസ് മണി റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 ജനുവരി 1 നും 2023 ജൂണ്‍ 1 നും ഇടയിലുള്ള ഔദ്യോഗിക കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.
കാര്‍ ലീസിംഗ് കമ്പാരിസണ്‍ സൈറ്റ് ആയ ലീസെല്‍ ഡോട്ട് കോ വിവരാവകാശ നിയമപ്രകാരം എടുത്ത ഔദ്യോഗിക കണക്കില്‍ പറയുന്നത് 2014 ആദ്യം മുതല്‍ 5,79,493 പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളാല്‍ ലൈസന്‍സ് നഷ്ടമായി എന്നാണ്. 2018-ല്‍ ആയിരുന്നു ഇത്തരത്തില്‍ ഏറ്റവും അധികം പേര്‍ക്ക് ലൈസന്‍സ് നഷ്ടമായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ല്‍ ജൂണ്‍ 1 വരെയുള്ള കാലയളവില്‍ 23,669 പേര്‍ക്ക് ലൈസന്‍സ് നഷ്ടമായതായും കണക്കുകള്‍ കാണിക്കുന്നു.
ഇതുപോലെ ലൈസന്‍സ് നഷ്ടമായവരില്‍ 88 ശതമാനത്തോളം പേര്‍ കാര്‍- മോട്ടോര്‍ സൈക്കിള്‍ ഡ്രൈവര്‍മാരാണ്. ബാക്കിയുള്‍ലവര്‍ ലോറി-ബസ്സ് ഡ്രൈവര്‍മാരും. ഇതില്‍ മൂന്നില്‍ രണ്ട് പേരും അന്‍പതോ അതിലധികമോ പ്രായമുള്ളവരാണ്. 30 വയസ്സില്‍ താഴെ പ്രായമുള്ളവരില്‍ 8,650 പേര്‍ക്ക് ലൈസന്‍സ് നഷ്ടമായപ്പോള്‍ 1,810 ടീനേജുകാര്‍ക്കും ആരോഗ്യ പ്രശ്നങ്ങളാല്‍ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമായിട്ടുണ്ട്.
ഡിമെന്‍ഷ്യയും മദ്യാസക്തിയുമാണ് ലൈസന്‍സ് റദ്ദാക്കാനുള്ള രണ്ട് പ്രധാന ആരോഗ്യ പ്രശ്നങ്ങള്‍. 2022 ആരംഭം മുതല്‍ ഈ രണ്ട് കാരണങ്ങളാല്‍ റദ്ദാക്കപ്പെട്ട ലൈസന്‍സുകളുടെ എണ്ണം 16,000 ല്‍ അധികം വരും. ഡിപ്ലോപിയ അഥവാ ഇരട്ടദര്‍ശനം, ചുഴലി, തിമിരം, തളര്‍ച്ച തുടങ്ങിയവയും ലൈസന്‍സ് റദ്ദാക്കുന്നതില്‍ കാരണങ്ങളാകുന്ന പ്രധാനപ്പെട്ട രോഗാവസ്ഥകളാണ്.