സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളാ തീരത്തും തെക്കൻ തമിഴ്‌നാട് തീരങ്ങളിലുമായി ഉയർന്ന തിരമാല രൂപപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശമുണ്ട്. വരുന്ന 24 മണിക്കൂറിൽ ന്യൂനമർദ്ദം വടക്കു കിഴക്കൻ ദിശയിലൂടെ സഞ്ചരിക്കുമെന്നാണ് പ്രവചനം. ഇതേ തുടർന്ന് സെപ്റ്റംബർ അഞ്ച് മുതൽ ഒമ്പത് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളകളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്നും നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.

You might also like