സംസ്ഥാനത്ത് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ.
തിരുവനന്തപുരം: സംസ്ഥാനത്ത് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകൾ, 87 മുൻസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആകെ 2,76,70,536 വോട്ടർമാരാണ് ഉള്ളത്. ഇവരിൽ 1,31,78517 പുരുഷന്മാരും 1,44,81,779 സ്ത്രീകളും 240 ട്രാൻസ്ജെൻഡേഴ്സുമാണ് ഉള്ളത്.
നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിനായി സെപ്റ്റംബർ 23-വരെ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാൻ സാധിക്കും. 2023 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായവർക്കാണ് ലിസ്റ്റിൽ പേര് ചേർക്കാൻ സാധിക്കുക. വോട്ടർ പട്ടികയിലെ വിവരങ്ങളിൽ എന്തെങ്കിലും തരത്തിലുമുള്ള ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തണമെങ്കിലും ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാനാകും.