പതിനെട്ടാമത് ജി20 ഉച്ചകോടിയ്‌ക്ക് ഇന്ന് ഡൽഹിയിൽ തുടക്കം
ന്യൂഡൽഹി: പതിനെട്ടാമത് ജി20 ഉച്ചകോടിയ്‌ക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. രാജ്യതലസ്ഥാനത്ത് ഇന്ന് 19 രാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്മാരും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും. ഭാരത് മണ്ഡപത്തിലാണ് പ്രധാന സജ്ജീകരണം. രാജ്യം ഇതാദ്യമായി ആഗോള നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയ്‌ക്ക് സാക്ഷ്യം വഹിക്കുന്നു എന്നതിനാൽ ഇത് ചരിത്ര നിമിഷമായി മാറും.
കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് രാജ്യതലസ്ഥാനം യോഗത്തിനായി സജ്ജമായിരിക്കുന്നത്. ജി20 അംഗരാജ്യങ്ങൾ, യുറോപ്പ്യൻ യൂണിയനിലെ പ്രതിനിധികൾ, ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയുൾപ്പെടെ 30-ലധികം രാഷ്‌ട്രത്തലവന്മാർ, ഉന്നത ഉദ്യോഗസ്ഥർ, 14 അന്താരാഷ്‌ട്ര സംഘടനാ മേധാവികൾ തുടങ്ങിയവർ രാജ്യതലസ്ഥാനത്ത് എത്തി. ഇതിന് പുറമേ ബംഗ്ലാദേശ്,കെനിയ,യുഎഇ എന്നിവരെയും ഭാരതം ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരെകൂടാതെ അർജന്റീനിയൻ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് റമഫോസ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, സൗദി അറേബ്യൻ പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് എന്നിവരും ജി20 ഉച്ചകോടിയിൽ സന്നിഹിതരായിരിക്കും. ഇന്നും നാളെയുമായി രണ്ട് ദിവസത്തെ യോഗമാണ് തലസ്ഥാനത്ത് നടക്കുക.