ആയുധത്തിന്റെ ശക്തിയെ സ്നേഹം കൊണ്ടും നേരിട്ട ഉൽമാ കുടുംബം

0

ഉൽമാ കുടുംബം വധിക്കപ്പെട്ട മർക്കോവയിൽ ഞായറാഴ്ചയാണ് കുടുംബത്തിലെ ഒമ്പത് പേരെയും ഒരുമിച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. യഹൂദരെ സംരക്ഷിച്ചതിന് നാസി പടയാളികളാൽ വധിക്കപ്പെടുകയായിരുന്നു ഉൽമാ കുടുംബത്തിലെ ഒമ്പത് അംഗങ്ങളും. ഈ കുടുംബത്തിന്റെ പ്രവൃത്തികൾ ക്രൈസ്തവ ജീവിത്തിൽ ഏവർക്കും അനുകരിക്കാവുന്ന മാതൃകയാണെന്ന് ഫ്രാൻസിസ് പാപ്പാ ഞായറാഴ്ചത്തെ മധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷം നടത്തിയ പ്രഭാഷണത്തിൽ അറിയിച്ചു. ഇന്നത്തെ കാലത്തെ വെറുപ്പിനും അക്രമത്തിനും മറുപടിയായി  സുവിശേഷ സ്നേഹം പുണർന്ന ഉൽമാ കുടുംബം മറ്റുള്ളവർക്ക് നന്മ ചെയ്യാനും പാവപ്പെട്ടവർക്ക് സഹായം ചെയ്യാനുമുള്ള ഒരു മാതൃകയാണ് എന്ന് പാപ്പാ വിശദീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരുളിലെ പ്രകാശകിരണമാണ് ആ കുടുംബമെന്ന് കൂട്ടിച്ചേർത്ത പാപ്പാ ആയുധത്തിന്റെ ശക്തിയെ സ്നേഹം കൊണ്ടും അക്രമ വാചാടോപത്തെ (rhetoric) ശക്തമായ പ്രാർത്ഥന കൊണ്ടും നേരിടാനും  ഉൽമാ കുടുംബത്തിന്റെ മാതൃക അനുകരിക്കാനും എല്ലാ ക്രൈസ്തവരേയും ആഹ്വാനം ചെയ്തു.

വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ മർചെല്ലോ സൊമരാറൊയാണ് മർക്കോവയിൽ നടന്ന നാമകരണ നടപടിയുടെ ദിവ്യബലിയിൽ മുഖ്യകാർമ്മികനായിരുന്നത്. ഏഴ് കർദ്ദിനാൾമാരും ആയിരം വൈദീകരും ഒരുമിച്ചർപ്പിച്ച സമൂഹബലിയിൽ 32000 വിശ്വാസികളും സന്നിഹിതരായിരുന്നു. യോസേഫും വിക്റ്റോറിയ ഉൽമയും അവരുടെ മക്കളായ സ്റ്റാനിസ്ലാവ, ബാർബര, വ്ളാഡിസ്ലാവ്, ഫ്രാൻസിസെക്, അന്തോണി, മരിയ എന്നിവരും ഗർഭിണിയായിരുന്ന വിക്റ്റോറിയയുടെ രക്തസാക്ഷിത്വത്തിന്റെ നേരത്ത് പിറന്ന പേരിടാത്ത കുഞ്ഞുമാണ് വാഴ്ത്തപ്പെട്ടവരായി ഉയർത്തപ്പെട്ട കുടുംബാംഗങ്ങൾ. ഉൽമായുടെ ഭവനം തഴയപ്പെട്ടവരെയും ശപിക്കപ്പെട്ടവരെയും മരണം വിധിക്കപ്പെട്ടവരെയും സ്വാഗതം ചെയ്തു സംരക്ഷിക്കുന്ന ഒരു സത്രമായി മാറി എന്ന് കർദ്ദിനാൾ സുവിശേഷ പ്രഘോഷണത്തിൽ പറഞ്ഞു.

You might also like