വിശുദ്ധ ഗ്രന്ഥത്തില്‍ വിവരിക്കുന്ന ഓരോ സംഭവങ്ങളും ചരിത്ര സത്യമാണെന്ന് വീണ്ടും ആവര്‍ത്തിച്ചുക്കൊണ്ട് പുതിയ കണ്ടെത്തല്‍.
ജെറുസലേം: വിശുദ്ധ ഗ്രന്ഥത്തില്‍ വിവരിക്കുന്ന ഓരോ സംഭവങ്ങളും ചരിത്ര സത്യമാണെന്ന് വീണ്ടും ആവര്‍ത്തിച്ചുക്കൊണ്ട് പുതിയ കണ്ടെത്തല്‍. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് യേശു ക്രിസ്തു അന്ധന് കാഴ്ചശക്തി നല്‍കിയെന്ന് വിശ്വസിക്കപ്പെടുന്ന ശീലോഹാം കുളത്തിന്റെ കല്‍പ്പടവുകള്‍ ജെറുസലേമിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ഈ കുളം അജ്ഞാതമായി തുടരുകയായിരിന്നു. ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി, ഇസ്രായേല്‍ നാഷ്ണല്‍ പാര്‍ക്ക്സ് അതോറിറ്റി, സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായി ജെറുസലേമിലെ പുരാതന നഗരത്തില്‍ നടത്തിയ ഉദ്ഖനനത്തിനിടയിലാണ് കല്‍പ്പടവുകള്‍ കണ്ടെത്തിയത്.
ബിബ്ലിക്കല്‍ ആര്‍ക്കിയോളജി സൊസൈറ്റി പറയുന്നതനുസരിച്ച് 2,700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുവിനു മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ ഹെസെക്കിയ രാജാവിന്റെ കാലത്താണ് സീലോഹാ കുളം നിര്‍മ്മിക്കുന്നത്. ഗിഹോണ്‍ നീരുറവയില്‍ നിന്നും ഈ കുളത്തിലേക്ക് വെള്ളം എത്തിക്കുവാന്‍ ദാവീദിന്റെ നഗരത്തിനു താഴെക്കൂടി 1750 അടി നീളമുള്ള തുരങ്കമാണ് പണിതത്. പല ഘട്ടങ്ങളായി നടന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ശേഷം ഏതാണ്ട് 1.25 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഒരു കുളമായി സീലോഹാ കുളം മാറിയിരിന്നുവെന്നും അനുമാനിക്കപ്പെടുന്നു.