തെലങ്കാനയിലെ ആദ്യ ലുലു മാൾ നാളെ ഉദ്ഘാടനം ചെയ്യും
ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ ഹൈദരാബാദിൽ തുറക്കാൻ ലുലു ഗ്രൂപ്പ്. തെലങ്കാനയിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റുമാണ് നാളെ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ തുറക്കുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു ഉദ്ഘാടനം നിർവ്വഹിക്കും. അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാൾ. ഷോപ്പിങ്ങിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങിയിരിക്കുന്നത്. വൈകിട്ട് മൂന്ന് മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്ന് നൽകും.
സ്വിറ്റസ്ർലൻഡിലെ ദാവോസിൽ കഴിഞ്ഞ വർഷം മെയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ 500 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയിലെത്തിയിരുന്നു. ധാരണാപത്രം ഒപ്പ് വച്ച് മാസങ്ങൾക്കകം തന്നെ ഈ നിക്ഷേപവാദഗ്ദാനം യാഥാർത്ഥ്യമായിരിക്കുകയാണ്. 2500ലധികം പേർക്കാണ് പുതിയ തൊഴിൽ അവസരം ഒരുങ്ങിയിരിക്കുന്നത്.