ഇസ്രയേൽ ആക്രമണത്തിൽ ​ഗാസയിൽ ഇതുവരെ 2,360 കുട്ടികൾ മരണപ്പെട്ടതായി യുണിസെഫ്.

0

​ഗാസ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ ​ഗാസയിൽ ഇതുവരെ 2,360 കുട്ടികൾ മരണപ്പെട്ടതായി യുണിസെഫ്. സംഘർഷം ആരംഭിച്ച് 18 ദിവസത്തിനിടെയാണ് ഇത്രയും കുട്ടികൾ ​ഗാസയിൽ കൊല്ലപ്പെട്ടത്. മിസൈലാക്രമണത്തിലും ബോംബാക്രമണത്തിലും 5,364 ഓളം കുട്ടികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കുട്ടികൾക്ക് നേരെയുളള ക്രൂരതയിൽ യുണിസെഫ് ആശങ്ക രേഖപ്പെടുത്തി.

400ൽ അധികം കുട്ടികൾ ദിവസേന കൊല്ലപ്പെ‌ടുന്നുണ്ടെന്നാണ് റിപ്പോർട്ട്. സംഘർഷത്തിൽ മുപ്പതോളം ഇസ്രയേലി കുട്ടികൾക്കും ജീവൻ നഷ്ടമായി. ഡസൻ കണക്കിന് ആളുകൾ ഗാസ മുനമ്പിൽ തടവിൽ കഴിയുന്നു. 2006 മുതൽ യുഎൻ സാക്ഷ്യം വഹിച്ചിട്ടുള്ള, ഗാസ മുനമ്പിലെയും ഇസ്രയേലിലെയും ശത്രുതയുടെ ഏറ്റവും മാരകമായ വർദ്ധനയാണ് 18 ദിവസമെന്ന ഈ കാലയളവിലുണ്ടായിട്ടുള്ളതെന്നും യുണിസെഫ് പറഞ്ഞു.

ഗാസ മുനമ്പിലെ കുട്ടികൾ ഭക്ഷണവും വെളളവും മരുന്നും ലഭിക്കാതെ വലയുകയാണ്. ‘കൊല്ലപ്പെടുന്നതും പരിക്കേൽക്കുന്നതുമായ കുട്ടികൾ, കുട്ടികളെ കടത്തികൊണ്ടുപോകൽ, സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുളള ആക്രമണം, മാനുഷിക സഹായം ലഭിക്കാതിരിക്കൽ എന്നിവ കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്,’ യുണിസെഫ് മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും റീജിയണൽ ഡയറക്ടർ അഡെൽ ഖോദ്ർ പറഞ്ഞു.

You might also like