ദി പെന്തെക്കോസ്ത് മിഷൻ മിഡിൽ ഈസ്റ്റ് കണ്‍വൻഷന് ദുബായിൽ തുടക്കം കുറിച്ചു
ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ (ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച്) മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കണ്‍വന്‍ഷന് ദുബായിൽ തുടക്കം കുറിച്ചു. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസിൻ്റെ പ്രാർഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. ദൈവത്തെ സ്നേഹിക്കുന്നവർക്കു അനുഗ്രഹങ്ങൾ ദൈവം നൽകുമെന്നും അതു പ്രാപിക്കാൻ വിശ്വാസികൾ ഒരുങ്ങണമെന്നും പാസ്റ്റർ യൂനസ് മശി (ഡൽഹി) പ്രാരംഭദിന സന്ദേശത്തിൽ അറിയിച്ചു.
ദുബായ് അൽനാസർ ലെയ്‌സർ ലാൻഡ് (ഐസ് റിങ്ക്) ഹാളിൽ നടക്കുന്ന കൺവെൻഷനിൽ ദിവസവും രാവിലെ ഒൻപതിന് പൊതുയോഗവും വൈകിട്ട് 6.45 ന് ഗാനശുശ്രൂഷയും സുവിശേഷയോഗവും അൽനാസർ ലെയ്‌സർ ലാൻഡ് (ഐസ് റിങ്ക്) ഹാളിലും വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 ന് സൺഡേ സ്കൂൾ അധ്യാപകരുടെ മീറ്റിംങ് ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് യുവജന മീറ്റിങ് എന്നിവ ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ചിലും നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9ന് ദുബായ്, ഷാർജ, അബുദാബി, അലൈൻ, ഫുജൈറ, റാസൽകൈമാ, ജബൽഅലി തുടങ്ങിയ യുഎഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മധ്യപൂർവ്വപ്രദേശങ്ങളിലെ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗം ദുബായ് അൽനാസർ ലെയ്‌സർ ലാൻഡ് (ഐസ് റിങ്ക്) (അമേരിക്കൻ ഹോസ്പിറ്റലിന് പിൻവശം) നടക്കും.