ദീപാവലി ആഘോഷത്തിനിടെ മൂന്നിലവിലെ ബെഡ് നിർമ്മാണ ഫാക്ടറിയിൽ തീപിടിത്തം.

0

ഈരാറ്റുപേട്ട: ദീപാവലി ആഘോഷത്തിനിടെ മൂന്നിലവിലെ ബെഡ് നിർമ്മാണ ഫാക്ടറിയിൽ തീപിടിത്തം. ഇന്നലെ രാത്രി 7.40 ഓടെ മൂന്നിലവ് മേച്ചാലിന് സമീപം വാകക്കാടാണ് സംഭവം. കൊക്കോ ലാറ്റെക്‌സ് നിർമ്മാണ ഫാക്ടറി പൂർണമായി കത്തിനശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ലാറ്റെക്‌സുമായെത്തിയ നാഷണൽ പെർമിറ്റ് ലോറിയടക്കം കത്തിനശിച്ചു.

അന്യസംസ്ഥാന തൊഴിലാളികൾ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശേരി, പാമ്പാടി എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

മൂന്നിലവിനെ ബന്ധിപ്പിക്കുന്ന കടപ്പുഴ പാലം തകർന്നുകിടക്കുന്നത് മൂലം വലിയ വാഹനങ്ങൾക്ക് സംഭവ സ്ഥലത്തേക്ക് എത്തിചേരാൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തിന് തടസമായി. അഗ്‌നിശമനസേനാ യൂണിറ്റിന്റെ ചെറിയ മൂന്ന് വാഹനങ്ങൾക്ക് മാത്രമാണ് സംഭവസ്ഥലത്തേക്ക് എത്താൻ കഴിഞ്ഞത്.

നാട്ടുകാരുടെ നേതൃത്വത്തിലും തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു. പ്രദേശവാസികൾ സമീപത്തെ ആറ്റിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്തും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

You might also like