പാപ്പാ, സിക്കുമത പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

0

വിശ്വാസവും സേവനവും പരസ്പരം അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവ സഹോദരങ്ങൾക്കുള്ള സേവനത്തിലൂടെ  ദൈവത്തിലെത്താനുള്ള ആധികാരിക പാതയാണെന്നും മാർപ്പാപ്പാ.

ദുബായിയിലെ സിക്കുമത ക്ഷേത്രമായ ഗുരു നാനാക്ക് ദർബാറിൻറെ ആഭിമുഖ്യത്തിൽ എത്തിയ വിവിധ രാജ്യാക്കാരായ സിക്കുമത പ്രതിനിധികളെ ശനിയാഴ്ച (11/11/23) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യവെ  ഫ്രാൻസീസ് പാപ്പാ സിക്കു മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രാന്ത് സാഹിബിലെ വാക്കുകൾ അനുസ്മരിച്ചുകൊണ്ടാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

ഏറ്റവും എളിയവർക്കായി, സമൂഹത്തിൻറെ അരികുകളിലേക്കു തള്ളപ്പെട്ടവർക്കായി നിസ്വാർത്ഥമായി ചെയ്യുന്ന സേവനം നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നുവെന്നു പറഞ്ഞ പാപ്പാ അത് ജീവിത ശൈലിയായിരിക്കട്ടെയെന്ന് ആശംസിച്ചു. തങ്ങൾ എത്തിച്ചേർന്നയിടങ്ങളിൽ സിക്കുമതസ്ഥർ തങ്ങളുടെ വിശ്വാസത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്ന സേവനത്തിൽ തനിക്കുള്ള സംതൃപ്തി പാപ്പാ പ്രകടിപ്പിച്ചു.

പാവപ്പെട്ടവരും ആവശ്യത്തിലിരിക്കുന്നവരും വേദനയനുഭവിക്കുന്നവരുമായവരെ പരിപാലിച്ചുകൊണ്ടും അങ്ങനെ ആളുകൾക്കിടയിൽ സേതുബന്ധം തീർത്തുകൊണ്ടും അവർ അവരുടെ ജീവിതം ധന്യവും സമ്പന്നവുമാക്കിത്തീർക്കുന്നുവെന്ന് പാപ്പാ ശ്ലാഘിക്കുകയും ചെയ്തു.

You might also like