സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട് വയോധികയെ കാണാതായി
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മഴയുടെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പത്തനംതിട്ടയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. തിരുവല്ല, കോന്നി എന്നീ മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിത്. നാരങ്ങാനത്ത് ഏഴുപത്തിയഞ്ചുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.
ഇന്നലെ രണ്ട് മണിക്കൂറിനിടെ പത്തനംതിട്ടയിൽ 210 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇവിടെ ലഘുമേഘവിസ്‌ഫോടനമുണ്ടായ സാദ്ധ്യതയും വിഗ്ദ്ധർ തള്ളിക്കളയുന്നില്ല. കോഴഞ്ചേരി കൊട്ടതട്ടി മലയിൽ ഉരുൾപ്പൊട്ടി. ചെന്നീർക്കരയിലും ഉരുൾപ്പൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലിൽ വ്യാപക കൃഷിനാശമുണ്ടായി. പത്തനംതിട്ട തിരുവല്ല പാതയിലും, പുനലൂർ മൂവാറ്റുപ്പുഴ പാതയിലും കോന്നി, വകയാർ, കൂടൽ എന്നീ സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ചുഴിലിക്കോട് ഭാഗത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായി.
ഇന്നലെ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ശബരിമല സന്നിധാനത്തും കാനന മേഖലയിലും ശക്തമായ മഴ പെയ്തു. ഇടുക്കിയിലെ കുമളി മൂന്നാർ പാതയിൽ മരങ്ങളും മണ്ണും റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. കുമളി തൂക്കുപാലത്തിന് സമീപത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. തലസ്ഥാന ജില്ലയിലെ നെയ്യാറ്റിൻകര, നെടുമങ്ങാട് ഭാഗത്തും മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ചു.