ഗാസയിൽ താത്കാലിക വെടിനിറുത്തൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും
ഗാസ : ഗാസയിൽ താത്കാലിക വെടിനിറുത്തൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴുമുതലാണ് വെടിനിറുത്തലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈകിട്ട് നാലിന് ഇസ്രയേലിന് ബന്ദികളെ കൈമാറും. ആദ്യ ബാച്ചിൽ 13 പേരെയായിരിക്കും മോചിപ്പിക്കുന്നത്. ബന്ദികളുടെ ലിസ്റ്റ് ഇസ്രയേലിന് കൈമാറി.
ഹമാസും ഇസ്രയേലും കരാർ വ്യവസ്ഥകൾ പൂർണമായി പാലിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ദികളുടെ കൈമാറ്റം നടപ്പാകുന്നതോടെ ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കാൻ കഴിയുമെന്നാണ് റെഡ് ക്രോസ്, റെഡ് ക്രസന്റ് സംഘടനകളുടെ വിശ്വാസം.
ഖത്തറിന്റെ നേതൃത്വത്തിൽ ഈജിപ്റ്റും അമേരിക്കയും സഹകരിച്ചാണ് 48 ദിവസം പിന്നിട്ട യുദ്ധത്തിനൊടുവിൽ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനും വഴിയൊരുങ്ങിയത്.
ഇന്ന് രാത്രി 8 വരെ വെടിനിറുത്തലിനെ കുറിച്ച് ഇസ്രയേലും ഹമാസും തമ്മിൽ ആശയക്കുഴപ്പം നടന്നിരുന്നു. പിന്നീടാണ് തീരുമാനമായത്. മോചിപ്പിക്കേണ്ട ബന്ദികളെ സംബന്ധിച്ച ആശയക്കുഴപ്പമാണ് വെടിനിറുത്തൽ തീരുമാനം വൈകാൻ കാരണം.