മോഹന്‍ജൊദാരോയില്‍നിന്ന് 5000 വര്‍ഷം പഴക്കമുള്ള ചെമ്പ് നാണയങ്ങള്‍ കണ്ടെത്തി

0

മോഹന്‍ജൊദാരോയില്‍നിന്ന് 5000 വര്‍ഷം പഴക്കമുള്ള ചെമ്പ് നാണയങ്ങള്‍ കണ്ടെത്തി

പാക്കിസ്ഥാനിലെ സിന്ധില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാനമായ പുരാതന മോഹന്‍ജൊദാരോയുടെ പടിഞ്ഞാറു ഭാഗത്ത് നിന്ന് ചെമ്പ് നാണയങ്ങള്‍ നിറച്ച പാത്രം കണ്ടെത്തി.

ബുദ്ധക്ഷേത്രമായി സ്ഥാപിച്ചിരുന്ന താഴികക്കുടത്തിന്റെ ആകൃതിയിലുള്ള സ്തൂപത്തില്‍നിന്നാണ് ചെമ്പ് നാണയങ്ങള്‍ നിറച്ച മണ്‍കുടം ലഭിച്ചതെന്ന് ഗവേഷണ സംഘം അറിയിച്ചു.

5000 വര്‍ഷം പഴക്കമുള്ള നഗര അവശിഷ്ടങ്ങളില്‍നിന്ന് 93 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സുപ്രധാനമായ പുരാവസ്തു കണ്ടെടുക്കുന്നത്.

നാണയങ്ങള്‍ക്ക് അഞ്ചര കിലോ ഭാരമുണ്ടെന്ന് കണക്കാക്കി. 1930-ല്‍ ഇവിടെനിന്ന് 4,348 ചെമ്പ് നാണയങ്ങള്‍ ലഭിച്ചിരുന്നുവെന്ന് ഗവേഷണ സംഘാംഗമായ ഷെയ്ഖ് ജാവേദ് സിന്ധി പറഞ്ഞു.

പുതുതായി ലഭിച്ച നാണയങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ഒരു മാസമെങ്കിലും വേണ്ടി വരും. ആദ്യം ലഭിച്ച നാണയങ്ങള്‍ കുശാന രാജവംശത്തിന്റേതായിരുന്നു.

കുശാന രാജവംശവുമായി പ്രദേശത്തിനു വ്യാപാരം, നയതന്ത്രം, സാംസ്ക്കാരിക വിനിമയം തുടങ്ങിയ ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവാണ് ചെമ്പ് നാണയങ്ങള്‍.

കുശാന ഭരണാധികാരി വാസുദേവ ഒന്നാമന്റെ കാലത്ത് നിര്‍മ്മിച്ച നാണയങ്ങളാണ് ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നതെന്നും ഗവേഷക സംഘം പറഞ്ഞു.

You might also like