പുൽക്കൂട്, മൗനത്തിൻറെയും പ്രാർത്ഥനയുടെയും പാരിസ്ഥിതിക പരിവർത്തനത്തിൻറെയും ആവശ്യകതയിലേക്കു വെളിച്ചം വീശുന്നു, പാപ്പാ

0

പലപ്പോഴും ഭ്രാന്തമായ നമ്മുടെ ജീവിതത്തിൽ നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ഗൃഹാതുരത്വം ഉളവാക്കുന്നതാകണം നമ്മുടെ ഭവനങ്ങളിലെ പുൽക്കൂടുകളെന്ന്  മാർപ്പാപ്പാ.

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പോൾ ആറാമൻ ശാലയിലും തീർത്തിരിക്കുന്ന പുൽക്കുടുകളും ചത്വരത്തിലെ ക്രിസ്തുമസ്മരവും സമ്മാനിച്ച ഇറ്റലിയിലെ റിയേത്തി, മാക്ര എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളടങ്ങിയ നാലായിരത്തോളം പേരെ അവയുടെ ഔപചാരിക ഉദ്ഘാടനദിനത്തിൽ, ശനിയാഴ്‌ച (09/12/23) പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

പുൽക്കൂടാകുന്ന അദ്വിതീയ സിംഹാസനത്തിലിരുന്നുകൊണ്ട് യേശു നമ്മോട് പറയുന്നതെന്തെന്നും കേൾക്കുന്നതിന്  ഈ നിശബ്ദതയും തിരുപ്പിറവിരംഗം നമ്മിലുണർത്തുന്ന കൃതജ്ഞതാഭരിതമായ ആർദ്രത ആവിഷ്ക്കരിക്കുന്നതിന്  പ്രാർത്ഥനയും ആവശ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ചത്വരത്തിൽ പുൽക്കൂടിനരികെയുള്ളതും ഉദ്ഘാടനാന്തരം ദീപങ്ങളാൽ പ്രഭാപൂരിതമാകുന്നതുമായ ക്രിസ്തുമസ്സ് മരം ആൽപ്സ് പർവ്വതപ്രദേശത്തു വളരുന്ന എഡൽവ്വൈസ് (edelweiss) നക്ഷത്രപ്പൂക്കളാൽ സമ്പന്നമാണെന്ന് അനുസ്മരിച്ച പാപ്പാ ഇത് നമ്മുടെ പൊതുഭവനത്തിൻറെ പരിപാലനത്തിൻറെ പ്രാധാന്യം എടുത്തുകാട്ടുന്നതും അതിനെക്കുറിച്ചു നമ്മെ ചിന്തിപ്പിക്കുന്നതുമായ ഒരു തിരഞ്ഞെടുപ്പാണെന്ന് പറഞ്ഞു. ഇത്തരം ചെറു പ്രവർത്തികൾ പാരിസ്ഥിതിക പരിവർത്തനത്തിൽ സത്താപരങ്ങളാണെന്നും അവ ദൈവിക ദാനങ്ങളോടുള്ള ആദരവിൻറെയും അതിനുള്ള നന്ദിയുടെയും ചെയ്തികളാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

800 വർഷം മുമ്പ് വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ ആഗ്രഹപ്രകാരം തിരുപ്പിറവി രംഗം പുനരാവിഷ്ക്കരിക്കപ്പെട്ടതും ആ പതിവ് നൂറ്റാണ്ടുകളായി തുടർന്നു പോരുന്നതം പാപ്പാ അനുസ്മരിച്ചു. വിശുദ്ധനാടു സന്ദർശിച്ച വിശുദ്ധ ഫ്രാൻസീസ് അസ്സീസി ബത്ലഹേമിൻറെ പ്രകൃതിയെ അനുസ്മരിപ്പിക്കത്തവിധം തിരുപ്പിറവിരംഗം ഒരുക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് ഇറ്റലിയിലെ റിയേത്തി പ്രവിശ്യയിലെ വാല്ലെ റെയത്തീനയിൽ, ഗ്രേച്ചൊയിൽ 1223-ൽ സൃഷ്ടിക്കപ്പെട്ട തിരുപ്പിറവിരംഗത്തെ ഓർമ്മിപ്പിക്കുന്നതാണ് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ഇത്തവണ നിർമ്മിച്ചിരിക്കുന്ന പുൽക്കൂടെന്നും പാപ്പാ പറഞ്ഞു.

You might also like