ഗാസയിൽ ഇസ്രായിൽ സൈന്യത്തിന് കനത്ത നഷ്ടം നേരിടുന്നതായി ഇസ്രായിൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ വെളിപ്പെടുത്തൽ
ജറൂസലം- ഗാസയിൽ ഇസ്രായിൽ സൈന്യത്തിന് കനത്ത നഷ്ടം നേരിടുന്നതായി ഇസ്രായിൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ വെളിപ്പെടുത്തൽ. ഗാസയിലെ ഷെജയയിൽ അപരിഹാര്യമായ നഷ്ടങ്ങളാണ് സൈന്യത്തിന് ഏൽക്കേണ്ടി വന്നതെന്നും മന്ത്രി വ്യക്തമാക്കി. രണ്ട് മുതിർന്ന കമാൻഡർമാരും നിരവധി ഓഫീസർമാരും ഉൾപ്പെടെ പത്ത് സൈനികരെയാണ് ഹമാസ് ഷെജയയിൽ വകവരുത്തിയത്. ഇതോടെ ഇസ്രായിൽ ഗാസയിൽ നടത്തുന്ന കര ആക്രമണത്തിൽ മരിച്ച സൈനികരുടെ എണ്ണം 115 ആയി. ഷെജയ്യയുടെ ഹൃദയഭാഗത്ത് നടന്ന യുദ്ധത്തിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. സൈനികർ ഗാസ മുനമ്പിലേക്ക് തള്ളിക്കയറിയതിന് ശേഷമുള്ള ഏറ്റവും മാരകമായ ഏറ്റുമുട്ടലുകളിലൊന്നാണിത്.
ഷെജയ്യയിൽ നടന്ന യുദ്ധത്തിൽ ഐ.ഡി.എഫ്, ഗോലാനി ബ്രിഗേഡ് മേധാവിയുടെ ഫോർവേഡ് കമാൻഡ് ടീമിന്റെ തലവൻ കേണൽ ഇറ്റ്‌സാക്ക് ബെൻ ബസത് (44), അൽമോഗിൽ നിന്നുള്ള ഗോലാനി ബ്രിഗേഡിന്റെ പതിമൂന്നാം ബറ്റാലിയന്റെ കമാൻഡറായ 35 കാരനായ ലഫ്റ്റനന്റ് കേണൽ ടോമർ ഗ്രിൻബർഗ്, അഫുലയിൽ നിന്നുള്ള 13ാം ബറ്റാലിയനിലെ കമ്പനി കമാൻഡറായ മേജർ റോയി മെൽദാസി (23) മേജർ മോഷെ അവ്‌റാം ബാർ ഓൺ(19), ലിയൽ ഹായോ(19), അച്ചിയ ദസ്‌കൽ (19)എറാൻ അലോനി, മേജർ ബെൻ ഷെല്ലി, റോം ഹെക്റ്റ്, (20) തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്. ഹമാസിനെതിരായ കരസേനാ ആക്രമണത്തിൽ കൊല്ലപ്പെട്ട ഏറ്റവും മുതിർന്ന ഐ.ഡി.എഫ് ഉദ്യോഗസ്ഥനാണ് ബെൻ ബസത്. അഷ്‌കെലോണിൽ നിന്നുള്ള കോംബാറ്റ് എഞ്ചിനീയറിംഗ് കോർപ്‌സിന്റെ 614ാം ബറ്റാലിയനിലെ ഒറിയ യാക്കോവ് (19) വടക്കൻ ഗാസയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായി സൈന്യം അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഗോലാനി ബ്രിഗേഡിലെ കാലാൾപ്പട സൈനികർ, കവച, എഞ്ചിനീയറിംഗ് സേനകളുമായി ചേർന്ന് ഷെജയ്യയുടെ ഹൃദയഭാഗത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തിരച്ചിലിനായി ഒരു കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ച ഇസ്രായിൽ സൈനികർക്ക് നേരെ ഹമാസ് സൈനികർ ഗ്രനേഡുകൾ എറിയുകയും സ്‌ഫോടക വസ്തുക്കൾ പൊട്ടിക്കുകയുമായിരുന്നു.
കെട്ടിടത്തിന് പുറത്ത് നിന്ന് വെടിവെപ്പ് തുടരുന്നതിനിടെ നാല് സൈനികർക്ക് നേരെ കെട്ടിടത്തിനകത്തുനിന്ന് സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചും ആക്രമണമുണ്ടായി.