പ്രവാസികളും കുടുംബാംഗങ്ങളും വിരലടയാളം രേഖപ്പെടുത്തണം: നിർദേശവുമായി സൗദി

ജിദ്ദ: രാജ്യ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുൾപ്പെടെ സുപ്രധാന നീക്കവുമായി സൗദി. ആറ് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും വിരലടയാളം ജവാസത്ത് സിസ്റ്റത്തിൽ രേഖപ്പെടുത്തണമെന്നാണ് നിർദേശം. സേവനങ്ങൾ ലഭ്യമാകുന്നതിന് വിരലടയാള രജിസ്ട്രേഷൻ നിർബന്ധമാണെന്നാണ് പാസ്പോർട്ട് അധികൃതർ വ്യക്തമാക്കുന്നത്. നിർബന്ധമായും ജവാസത്ത് ഓഫീസുകളിലെത്തി വിരലടയാളം നൽകിയിരിക്കണം.
വ്യക്തികളുടെ രൂപഭാവത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ ഇഖാമയിലുള്ള ഫോട്ടോ മാറ്റണമെന്നും ജവാസത്ത് നിർദേശിച്ചിട്ടുണ്ട്. പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും വിരലടയാളം രേഖപ്പെടുത്തുകയെന്നത് ജവാസത്ത് സേവനങ്ങൾ നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥയാണെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.