വാടക ഗര്‍ഭധാരണം ആഗോളതലത്തില്‍ നിരോധിക്കണം: ഫാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: വാടക ഗര്‍ഭധാരണം നിരോധിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. അതിനാല്‍ ഈ സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തില്‍ താന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. വത്തിക്കാന്‍ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്പ്.
ലോകത്ത് വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തെ കുറിച്ച് നിലവില്‍ വ്യക്തതയില്ല. കാരണം ലോകത്ത് പല രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ധാര്‍മിക കാരണങ്ങളാല്‍ വാടക ഗര്‍ഭധാരണം നിലവില്‍ നിയമവിരുദ്ധമാണ്. ദരിദ്രരായ സ്ത്രീകള്‍ സാമ്പത്തിക പ്രതിസന്ധി കാരണം വാടക ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിതരാവുന്നു എന്നതാണ് ഒരു വിമര്‍ശനം.
ഇറ്റലിയില്‍ നിലവില്‍ വാടക ഗര്‍ഭധാരണം നിയമവിരുദ്ധമാണ്. വിദേശത്ത് പോയി വാടക ഗര്‍ഭപാത്രം സ്വീകരിക്കുന്നവരെ ശിക്ഷിക്കാന്‍, നിലവിലെ നിരോധനം നീട്ടുന്നതിനുള്ള ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുകയും ചെയ്തു. അതേസമയം കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന സ്വവര്‍ഗ ദമ്പതികള്‍ വാടക ഗര്‍ഭധാരണത്തെ ആശ്രയിക്കുന്നുണ്ട്. എല്‍ജിബിടിക്യു വിഭാഗത്തെ ബാധിക്കുന്ന പ്രസ്താവനയാണ് പോപ്പ് നടത്തിയതെന്ന് വിമര്‍ശനം ഉയര്‍ന്നു.