പാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ രാജിവെച്ചു.ഫ്രാന്‍സിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയായിരുന്നു എലിസബത്ത് ബോണ്‍.രാജിക്കത്ത് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചു. പുതിയ പ്രധാനമന്ത്രിയെ നിയമിക്കുന്നതു വരെ ബോണ്‍ ചുമതലയില്‍ തുടരുമെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.

പാരിസ് ഒളിമ്പിക്‌സിനും യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെുടുപ്പുകള്‍ക്കും മുന്നോടിയായി സര്‍ക്കാര്‍ പുനഃസംഘടിപ്പിക്കുമെന്ന് മാക്രോണ്‍ നേരത്തെ സൂചന നല്‍കിയിരുന്നു. പെന്‍ഷന്‍ സംവിധാനത്തിലെ മാറ്റവും കുടിയേറ്റം നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമവും ഏറെ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് രാജി.

2022 മേയില്‍ മാക്രോണ്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബോണിനെ പ്രാധാനമന്ത്രിയായി പുനര്‍നിയമിച്ചത്. വിദ്യാഭ്യാസ മന്ത്രി ഗബ്രിയേല്‍ അട്ടല്‍, പ്രതിരോധ മന്ത്രി സെബ്യാസ്റ്റ്യന്‍ ലികോര്‍ണു എന്നിവരിലാരെങ്കിലും പ്രധാനമന്ത്രിയാവുമെന്നാണ് സൂചന.

യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഇനി അഞ്ച് മാസം മാത്രമാണ് ബാക്കി. ഇതിനിടെയാണ് പ്രധാനമന്ത്രി രാജിവച്ചിരിക്കുന്നത്. അടുത്ത ദിവസം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തും. നിലവിലെ വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേല്‍ അട്ടാലോ, പ്രതിരോധ മന്ത്രി സെബാസ്റ്റിയന്‍ ലെകോര്‍ണുവോ ഫ്രാന്‍സിന്റെ പ്രധാനമന്ത്രി ആയേക്കുമെന്നാണ് സൂചന.