ബംഗാൾ ഉൾക്കടലിൽ ചെന്നൈ തീരത്തിനടുത്ത് 8 വർഷം മുമ്പ് കാണാതായ ഇന്ത്യൻ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി
ചെന്നൈ: എട്ട് വർഷം മുമ്പ് 29 പേരുമായി കാണാതായ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ. 32 ട്രാൻസ്പോർട്ട് വിമാനത്തിന്റെ അവശിഷ്ടം ബംഗാൾ ഉൾക്കടലിൽ കണ്ടെത്തി.
ചെന്നൈ തീരത്ത് നിന്ന് 310 കിലോമീറ്റർ അകലെ കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ വിദഗ്ദ്ധർ പരിശോധിച്ചുവരികയാണ്. വിമാനം കാണാതായ സ്ഥാനത്ത് തന്നെയാണ് അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
ഈ മേഖലയിൽ മുമ്പ് വിമാനങ്ങളൊന്നും കാണാതായിട്ടില്ല. അതിനാൽ അവശിഷ്ടങ്ങൾ ഇന്ത്യൻ വിമാനത്തിന്റേത് തന്നെയാണെന്നാണ് വിലയിരുത്തൽ.
എട്ട് സിവിലിയന്മാരും ജീവനക്കാരും വ്യോമസേനാ ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല.
2016 ജൂലായ് 22 ന് ചെന്നൈയിൽ നിന്ന് ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. രാവിലെ 8ന് താംബരം എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് ടേക്കോഫ് ചെയ്‌ത വിമാനം 11. 45ന് പോർട്ട് ബ്ലെയറിലെ ഐ. എൻ. എസ് ഉത്ക്രോഷ് നേവൽ എയർസ്റ്റേഷനിൽ ഇറങ്ങേണ്ടതായിരുന്നു. ടേക്കോഫ് ചെയ്ത് 16 മിനിട്ടിൽ എല്ലാം നോർമൽ എന്ന പൈലറ്റിന്റെ സന്ദേശം എത്തി. അത് അവസാന സന്ദേശം ആയിരുന്നു.പൊടുന്നനെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. 23,000 അടി ഉയരത്തിൽ പറന്ന വിമാനം താഴേക്ക് പതിച്ച് 9.12ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായി.