ഗോവയിൽ വച്ച് നാല് വയസുള്ള മകനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ സുചന സേത്ത് എഴുതിയ കുറിപ്പ് കണ്ടെത്തി
ബംഗളൂരു: ഗോവയിൽ വച്ച് നാല് വയസുള്ള മകനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ സുചന സേത്ത് എഴുതിയ കുറിപ്പ് കണ്ടെത്തി. ഭർത്താവിന് മകനെ കാണാൻ അനുമതി നൽകിയതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. മകന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ടിഷ്യു പേപ്പറിൽ സ്വന്തം കൈപ്പടയിൽ ഐലൈനർ ഉപയോഗിച്ച് എഴുതിയിരിക്കുന്ന കുറിപ്പിൽ
മകന്റെ കസ്റ്റഡി പൂർണമായും തനിക്ക് വേണമെന്ന് ആവശ്യപ്പെടുന്നു. ഇത് ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു.
എന്ത് വന്നാലും മകന്റെ കസ്റ്റഡി എനിക്കൊപ്പമാണെന്നും കോടതി വിവാഹ മോചനം അനുവദിച്ചാലും മകന്റെ കസ്റ്റഡി വേണമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന. മകനെ കാണാൻ ഭർത്താവ് വെങ്കട്ടരാമനെ കോടതി അനുവദിച്ചതിൽ ഇവർ അസ്വസ്ഥയായിരുന്നു.
അതേസമയം സുചനയുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. വൈദ്യ പരിശോധനയും മാനസികാരോഗ്യ പരിശോധനയും നടത്തി. ചൊവ്വാഴ്ചയാണ് സുചന സേത്ത് അറസ്റ്റിലായത്. മകന്റെ മൃതദേഹം ബാഗിലൊളിപ്പിച്ച് ടാക്സി കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കർണാടകയിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.