സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേത്യത്വത്തിൽ ബാല പാർലമെന്റ് സഭ സംഘടിപ്പിക്കും
പത്തനംതിട്ട : ജനാധിപത്യ സംവിധാനങ്ങളുടെ ആവശ്യകതയും പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളുടെ അടിസ്ഥാന തത്വങ്ങളും കുട്ടികളെ പരിചയപ്പെടുത്താൻ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേത്യത്വത്തിൽ ബാല പാർലമെന്റ് സംഘടിപ്പിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് മല്ലപ്പള്ളി മാർ ഡയനേഷ്യസ് സീനിയർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ജനാധിപത്യത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം വ്യക്തിത്വ വികസനത്തിനും ഉതകുന്ന വിധമാണ് പാർലമെന്റിന്റെ നടത്തിപ്പ്.
അടിയന്തിര പ്രമേയവും വാക്കൗട്ടും എല്ലാം ഉൾപ്പെടുത്തി ഒരു യഥാർത്ഥ പാർലമെന്റായി പരിപാടി മാറും. യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തലങ്ങളിലെ 500 കുട്ടികൾ പങ്കെടുക്കും. ബാല പാർലമെന്റ് ഒന്നര മണിക്കൂർ നീണ്ടു നിൽക്കും. പാർലമെന്റിന്റെ തികഞ്ഞ രൂപത്തിലും ഭാവത്തിലുമായിരിക്കും പരിപാടി നടക്കുന്ന വേദി ഒരുക്കുന്നതെന്ന് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി.പൊന്നമ്മ, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം പ്രൊഫ.ടി.കെ.ജി.നായർ , ജില്ലാ ട്രഷറർ ദീപു എ.ജി എന്നിവർ പറഞ്ഞു.