‘കാത്തലിക് കണക്ട്’; മൊബൈല്‍ ആപ്പ് പുറത്തിറക്കി ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ സഭാ മെത്രാന്‍ സമിതി
ബംഗളൂരു: ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ സഭാ മെത്രാന്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ ‘കാത്തലിക് കണക്ട്’ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഇന്ത്യയിലെ സഭയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളുമായാണ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സി.സി.ബി.ഐ.) മൊബൈല്‍ ആപ് പുറത്തിറക്കിയത്. ബംഗളൂരുവില്‍ നടന്ന പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചാണ് ആപ്പ് പുറത്തിറക്കിയത്.
ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ സഭാ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ഫിലിപ് നേരി ഫെറാവോ ആപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ആന്റണി പൂല, ആര്‍ച്ച് ബിഷപ് ഡോ. അന്തോണി സാമി, ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കുട്ടോ, ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ, റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, മൈക്കിള്‍ ഡിസൂസ എന്നിവര്‍ പങ്കെടുത്തു.