മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു.
ബെംഗളൂരു: മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. കര്‍ണാടക വനംവകുപ്പ് വിവരം കേരള വനം വകുപ്പിനെ അറിയിച്ചു. ഇന്ന് ബന്ദിപൂരില്‍ വെച്ചാണ് ആന ചരിഞ്ഞത്. 20 ദിവസത്തിനിടെ രണ്ട് തവണ തണ്ണീര്‍ കൊമ്പനെ മയക്കുവെടി വെച്ചിരുന്നു. തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല.
മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീർ കൊമ്പനെ കര്‍ണാടകയിലെ രാമപുരം എലഫന്‍റ് ക്യാമ്പില്‍ എത്തിച്ചിരുന്നു. ഇന്ന് പുലർച്ചയോടെയാണ് കൊമ്പനെ ബന്ദിപ്പൂരെത്തിച്ചത്. പ്രാഥമിക ആരോഗ്യ പരിശോധനകൾക്ക് ശേഷം ആനയെ കൂട്ടിലേക്ക് മാറ്റിയിരുന്നു. മയക്കു വെടി വെച്ചതിനുശേഷം അഞ്ചുമണിക്കൂറിലേറെയാണ് ആന വനം വകുപ്പിന്റെ അനിമൽ ആംബുലൻസിൽ സഞ്ചരിച്ചത്.
തണ്ണീര്‍ കൊമ്പന്‍റെ ജഡം ബന്ദിപ്പൂരിലെ രാമപുര ക്യാമ്പിലാണുള്ളത്. ആനയുടെ പരിക്ക്, ശാരീരികഅവസ്ഥ എന്നിവ വിശദമായി പരിശോധിക്കും. ഇന്ന് തന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വെറ്റിനറി സര്‍ജന്മാരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കേരളത്തിലെയും കര്‍ണാടകയിലെയും വെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും പോസ്റ്റ്മോര്‍ട്ടം നടത്തുക.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തണ്ണീര്‍ കൊമ്പനെ ഇന്നലെ കൂട്ടിലാക്കിയത്. മയക്കുവെടി വെച്ച് മയക്കിയ ആനയെ കുംകി ആനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിൽ കയറ്റുകയായിരുന്നു. ലോറിയിൽ കയറാൻ മടിച്ച കൊമ്പനെ കുംകിയാനയായ കോന്നി സുരേന്ദ്രനാണ് ലോറിയിലേക്ക് തളളി കയറ്റിയത്.