റവ. എൻ.സി.ജോസഫ് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സംസ്ഥാന പ്രസിഡൻ്റ്
പായിപ്പാട് : ന്യൂ ഇന്ത്യാ ബൈബിൾ ചർച്ചിൻ്റെ പുതിയ പ്രസിഡൻ്റായി റവ. എൻ.സി. ജോസഫ് ചുമതല ഏറ്റു. നിയുക്ത പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ശുശ്രൂഷ 2024 ജനുവരി 16-ന് പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി ഓഡിറ്റോറിയത്തിൽ നടന്നു. ന്യൂ ഇന്ത്യാ ബൈബിൾ ചർച്ചിലെ ശുശ്രൂഷകന്മാരും വിശ്വാസികളും ഇതരസഭാ നേതൃത്വങ്ങളും പ്രതിനിധികളും ഈ മീറ്റിംഗിൽ സംബന്ധിച്ചു.
അസംബ്ലീസ് ഓഫ് ഗോഡ് മലബാർ മേഖല സൂപ്രണ്ട് റവ.ഡോ.വി. ടി എബ്രഹാം ശുശ്രൂഷകൾ നിർവഹിച്ചു.ന്യൂ ഇന്ത്യാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ റവ.ജോൺ വെസ്ലി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അലക്സാണ്ടർ ഫിലിപ്പ് എന്നിവർ മുഖ്യ സന്ദേശം നൽകി. മുണ്ടക്കയം, ചോറ്റി , നാരകത്തോട് വീട്ടിൽ ചാക്കോ – അന്നമ്മ ദമ്പതികളുടെ മകനായ എൻ.സി. ജോസഫ് 1979-ൽ സുവിശേഷ വേലയ്ക്കായി സമർപ്പിച്ചു. ന്യൂ ഇൻഡ്യാ ബൈബിൾ കോളേജിലും ന്യൂസിലാൻഡ്, ഫെയ്ത്ത് ബൈബിൾ കോളേജിലും വേദപഠനം നടത്തിയിട്ടുണ്ട്.
പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ കോളേജ് അധ്യാപകനായും, രജിസ്ട്രാറായും പ്രവർത്തിച്ചു. ഇക്കാലയളവിൽ തന്നെ ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറിയായും സേവനം ചെയ്തു. 2002 മുതൽ ന്യൂ ഇന്ത്യാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ നോർത്ത് കേരള മിഷൻ കോ ഓർഡിനേറ്ററായി പ്രവർത്തിച്ച് വരികയാണ് സഭയുടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്.