പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍; ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം തുടരുന്നു

0

ന്യൂഡല്‍ഹി: കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചില്‍ അതിര്‍ത്തികളില്‍ വ്യാപക സംഘര്‍ഷം. രാത്രിയിലും വിവിധയിടങ്ങളില്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം കണക്കിലെടുത്ത് ഹരിയാനയിലെ ശംഭു അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

പ്രതിഷേധക്കാരെ അകറ്റി നിര്‍ത്താനായി രാത്രിയിലും ഹരിയാന പൊലീസ് തുടര്‍ച്ചയായി ഗ്രനേഡ് പ്രയോഗം നടത്തിയിരുന്നു. അതേസമയം പഞ്ചാബ് അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. പൊലീസ് വെടിയുതിര്‍ത്തുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളിലായി 200 ല്‍ അധികം കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഹരിയാനയില്‍ ഇന്റര്‍നെറ്റ് നിരോധനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.

ആയിരക്കണക്കിന് ട്രാക്ടറുകളിലായാണ് രാവിലെ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിച്ചത്. രാവിലെ പത്തിന് പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചാബ് പൊലീസ് തടഞ്ഞില്ല. ട്രാക്ടര്‍ മാര്‍ച്ച് പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സര്‍ക്കാര്‍ തടയുകയായിരുന്നു.

പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ അമ്പാലയിലാണ് ആദ്യം സംഘര്‍ഷം ഉണ്ടായത്. സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കര്‍ഷകരുടെ സമരത്തിന് ഡല്‍ഹി സര്‍ക്കാരിന്റെയും പഞ്ചാബ് സര്‍ക്കാരിന്റെയും പിന്തുണയുണ്ട്. എന്നാല്‍ ഹരിയാന ബിജെപി സര്‍ക്കാര്‍ സമരത്തിനെതിരാണ്. ഹരിയാന അതിര്‍ത്തികള്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചു. ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലും സമരത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

താങ്ങുവില ഉള്‍പ്പെടെ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാതെ വന്നതോടെയാണ് കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചത്. ഇരുപതിനായിരത്തോളം കര്‍ഷകര്‍ രണ്ടായിരം ട്രാക്ടറുകളുമായാണ് ഡല്‍ഹിയിലേക്ക് എത്തിയത്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരുമായി പരമാവധി സഹകരിച്ചുവെന്ന് കര്‍ഷക സംഘടന നേതാക്കള്‍ മാര്‍ച്ച് ആരംഭിക്കുന്നതിന് മുമ്പ് വ്യക്തമാക്കിയിരുന്നു.

You might also like