കര്‍ശന പരിശോധനയുമായി സൗദി ; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 19,199 അനധികൃത താമസക്കാര്‍

0

റിയാദ് : തൊഴില്‍ – താമസ രേഖകളില്ലാതെ കഴിയുന്ന വിദേശികളെ പിടികൂടി നാടുകടത്തുന്നതിനുള്ള പരിശോധന സൗദി അറേബ്യയില്‍ ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സുരക്ഷാ വിഭാഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 19,199 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു. നിയമനടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇവരെ ആജീവനാന്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തും. ഫെബ്രുവരി 8 മുതല്‍ ഫെബ്രുവരി 14 വരെയുള്ള കാലയളവില്‍ സുരക്ഷാ സേനയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും സംയുക്തമായി നടത്തിയ ഫീല്‍ഡ് സെക്യൂരിറ്റി കാമ്പെയ്‌നിനിടെയാണ് ഇത്രയധികം പേര്‍ പിടിയിലായതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരില്‍ 11,742 പേര്‍ താമസ രേഖ ഇല്ലാത്തവരാണ്. അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 4,103 പേരും തൊഴില്‍ നിയമം ലംഘിച്ചതിന് 3,354 പേരും പിടിക്കപ്പെട്ടു. രാജ്യത്ത് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 916 പേരാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സുരക്ഷാ സേനയുടെ പിടിയിലായത്. അവരില്‍ 46 ശതമാനം യെമന്‍ പൗരന്മാരും 53 ശതമാനം എത്യോപ്യന്‍ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്.

You might also like