ഇന്ത്യയില്‍ നിന്നുള്ള സിഎക്കാര്‍ക്ക് യുകെയിലും കാനഡയിലും പ്രാക്ടീസ് ചെയ്യാന്‍ അവസരം ലഭിച്ചേക്കും

0

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് യുകെ, കാനഡ എന്നീ രാജ്യങ്ങളിലും പ്രാക്ടീസ് ചെയ്യാന്‍ അവസരം ലഭിച്ചേക്കും. ഇരുരാജ്യങ്ങളിലെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് ഇന്ത്യയിലും നമ്മുടെ രാജ്യത്തു നിന്നുള്ളവര്‍ക്ക് ഈ വിദേശരാജ്യങ്ങളിലും പ്രാക്ടിസ് ചെയ്യാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശ കേന്ദ്രത്തിനു സമര്‍പ്പിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് രഞ്ജിത് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. ഇരുരാജ്യങ്ങളുമായി ചര്‍ച്ച തുടരുന്ന സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായിട്ടാണ് ഈ നിര്‍ദേശമുള്ളത്. അതേസമയം പരസ്പര അനുമതി വ്യവസ്ഥകളില്‍ മാത്രമേ ഇതു നടപ്പാക്കുവെന്നും അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള 42,000 സിഎക്കാര്‍ നിലവില്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയില്‍ പ്രാക്ടിസ് ചെയ്യാന്‍ സാധിക്കില്ല. ഓസ്‌ട്രേലിയയുമായും സമാന കരാര്‍ ആലോചിക്കുന്നുണ്ട്. അടുത്ത 2025 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിനു 30 ലക്ഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ വേണ്ടി വരുമെന്നും അദ്ദേഹം വിവരിച്ചു. നിലവില്‍ 4 ലക്ഷത്തിലേറെപ്പേര്‍ ഐസിഎഐ അംഗങ്ങളാണ്. 8.5 ലക്ഷം വിദ്യാര്‍ഥികളുമുണ്ട്.

You might also like