പെന്തക്കോസ്ത് യൂത്ത് കോൺഫ്രൻസ് ഓഫ് ഡാളസിന് (പി.വൈ.സി.ഡി) പുതിയ ഭരണസമിതി.
ഡാളസ്: വടക്കേ അമേരിക്കയിലെ മലയാളി പെന്തകോസ്ത് യുവജന കൂട്ടായ്മകളിൽ പ്രാമുഖ്യമുള്ള പെന്തക്കോസ്ത് യൂത്ത് കോൺഫ്രൻസ് ഓഫ് ഡാളസിൻ്റെ 2024 പ്രവർത്തന വർഷത്തേക്കുള്ള ഭരണ സമിതി നിലവിൽ വന്നു. 2024 ഫെബ്രുവരി 25 ഞായറാഴ്ച ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡ് സഭാ മന്ദിരത്തിൽ കൂടിയ പൊതുയോഗത്തിൽ അംഗത്വ സഭകളിൽ നിന്നുള്ള പ്രതിനിധികളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. നിലവിലെ പ്രസിഡൻ്റ് പാസ്റ്റർ തോമസ് മുല്ലക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക പൊതു സമ്മേളനത്തിൽ പോയ വർഷത്തെ സംക്ഷിപ്ത പ്രവർത്തന റിപ്പോർട്ടും, വരവ് – ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പാസ്റ്റർ സന്തോഷ് പൊടിമല (പ്രസിഡന്റ് – ബെഥേൽ പെന്തക്കോസ്തൽ അസംബ്ലി നോർത്ത് ഡാളസ് ), ഏബ്രഹാം മോനിസ് ജോർജ്ജ് (കോർഡിനേറ്റർ – ഐ.പി.സി ഹെബ്രോൻ ഡാളസ്) , മേബിൾ തോമസ് (ട്രഷറാർ – ശാരോൻ ഫെലോഷിപ്പ് ചർച്ച് ) , സാം രാജൻ (അസോസിയേറ്റ് കോർഡിനേറ്റർ), ജെബിൻ ജിബു (മീഡിയ), പാസ്റ്റർ രജ്ജിത്ത് ഫിന്നി ( മ്യൂസിക്), ജോസഫ് ജോർജജ് (സ്പോർട്സ്), ഏബൽ അലക്സ് (ഓഡിറ്റർ) എന്നിവരെ കൂടാതെ പ്രയ്സ് ജേക്കബ്ബ്, ഗോഡ്ലി ജോൺസൻ, ജോയ്ലിൻ കളീക്കൽ, ജോൺസ് ഉമ്മൻ, ബൈജു തോമസ് എന്നിവർ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
ഡാളസ് മലയാളി പെന്തകോസ്ത് സഭകളിലെ യുവജനങ്ങളിലെ ആത്മിക വളർച്ചയ്ക്കും, യുവജനങ്ങളിൽ സാഹോദര്യ – സാംസ്കാരിക അവബോധത്തിനും നിലകൊള്ളുന്ന സംഘടന 1982-ൽ ആണ് നിലവിൽ വന്നത്. ഉപദേശ ഐക്യമുള്ള പെന്തകോസ്ത് സഭകളിലെ യുവജനങ്ങളുടെ ഐക്യവേദിയായ പി. വൈ.സി.ഡി, റിപ്പോർട്ട് വർഷങ്ങളിൽ വിവിധ കർമ്മപരിപാടികൾ ആസൂത്രണം ചെയ്ത് നടത്തിവരാറുണ്ട്. അമേരിക്കയിൽ സമാന്തര ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന മറ്റ് മലയാളി പെന്തക്കോസ്ത് യുവജന സംഘടനകളിൽ ഗണ്യമായ സ്ഥാനം പി. വൈ.സി.ഡിയ്ക്ക് കൈമുതലാണ്. വളർച്ചയുടെ പാതയിൽ 42 വർഷം പിന്നിടുന്ന ഈ യുവജന സംഘടന യുവജനങ്ങളിൽ ആത്മീയ ഉത്തേജനം പകരുന്നതിനും, അവരെ മുഖ്യധാരയിൽ കൊണ്ട് വന്ന് കർമ്മോത്സുകരാക്കുന്നതിനും ഉതകുന്ന പരിപാടികൾ തുടരുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു