കാൻസർ വീണ്ടും വരുന്നത് തടയാൻ ഗുളിക : ചെലവ് 100 രൂപ

0

മുംബൈ : കാൻസർ അതിജീവിച്ചവർക്ക് വീണ്ടും രോഗം ബാധിക്കുന്നതു 30 ശതമാനത്തോളം പ്രതിരോധിക്കാൻ കഴിവുള്ള മരുന്ന് കണ്ടെത്തിയെന്ന് രാജ്യത്തെ മുൻനിര കാൻസർ ചികിത്സാ ആശുപത്രിയായ മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ അറിയിച്ചു. കേവലം 100 രൂപ മാത്രം ചെലവു വരുന്ന ഗുളിക കഴിച്ചാൽ രോഗത്തെ പ്രതിരോധിക്കാമെന്നാണ് അവകാശവാദം. റേഡിയേഷൻ,കീമോതെറപ്പി എന്നിവയുടെ പാർശ്വഫലങ്ങൾ പകുതിയാക്കി കുറയ്ക്കാനും കഴിയും.

10 വർഷമെടുത്താണ് മരുന്നു വികസിപ്പിച്ചതെന്ന് ഗവേഷക സംഘത്തിലെ അംഗവും ടാറ്റാ മെമ്മോറിയൽ സെന്ററിലെ സീനിയർ സർജനുമായ ഡോ. രാജേന്ദ്ര ബാഡ്‌വെ പറഞ്ഞു. ഏറ്റവും ചെലവു കുറഞ്ഞ കാൻസർ ചികിത്സയാണിത്. വായ, ശ്വാസകോശം, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന കാൻസറിന് ഇൗ മരുന്ന് കൂടുതൽ ഫലപ്രദമാണ്.

മരുന്ന് ഉപയോഗത്തിനുളള അനുമതിക്കായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (എഫ്എസ്എസ്എഐ) അപേക്ഷിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം വിപണിയിലെത്തിക്കാമെന്നാണു പ്രതീക്ഷ. എന്നാൽ, കാൻസറിന്റെ തിരിച്ചുവരവു തടയുന്നതിനുള്ള ചികിത്സയ്ക്ക് ഉപയോഗിക്കാൻ ഏതാനും വർഷം കൂടി കാത്തിരിക്കേണ്ടിവരും.

മനുഷ്യരിലെ കാൻസർ കോശങ്ങൾ എലികളിൽ കടത്തി വിട്ടായിരുന്നു പരീക്ഷണം. തുടർന്ന് കീമോതെറപ്പിയും റേഡിയോ തെറപ്പിയും നടത്തിയതോടെ കാൻസർ കോശങ്ങൾ നശിച്ച് ക്രൊമാറ്റിൻ കണികകളായി. അവ രക്തത്തിലൂടെ ശരീരത്തിന്റെ മറ്റിടങ്ങളിലെ ആരോഗ്യകരമായ കോശങ്ങളിൽ പ്രവേശിക്കുകയും കാൻസർ മാറുകയും ചെയ്തു: ഡോ. രാജേന്ദ്ര ബാഡ്‌വെ വ്യക്തമാക്കി

You might also like