പനി: ഫ്രാന്‍സിസ് പാപ്പ പരിശോധനകൾക്കു വിധേയനായി

0

വത്തിക്കാൻ സിറ്റി: പനിയുടെ ലക്ഷണങ്ങൾ നേരിടുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നലെ റോമിലെ ജിമെല്ലി ആശുപത്രിയിലെത്തി പരിശോധനകൾക്കു വിധേയനായി. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു മാർപാപ്പ ശനിയാഴ്‌ചയും ഞായറാഴ്‌ചയും ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരുന്നു. എന്നാൽ ഞായറാഴ്‌ച, ത്രികാലജപ പ്രാർത്ഥനയില്‍ പങ്കെടുത്തു. ഇന്നലെ എല്ലാ ബുധനാഴ്ചകളിലും നടക്കാറുള്ള പോൾ ആറാമൻ ഹാളിലെ പ്രതിവാര പൊതുദർശന പരിപാടിക്കിടെയുള്ള സന്ദേശം വായിക്കാന്‍ മാർപാപ്പ തയാറായില്ല. ഇപ്പോഴും ജലദോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹായിയാണു പ്രസംഗം വായിച്ചത്. പരിപാടി അവസാനിച്ചയുടൻ മാർപാപ്പ റോമിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു.

നേരത്തെ ഫെബ്രുവരി 24 ശനിയാഴ്ച ക്രമീകരിച്ചിരിന്ന പാപ്പയുടെ കൂടിക്കാഴ്ചകള്‍ റദ്ദാക്കിയിരിന്നു. എന്നാല്‍ രോഗത്തിൻ്റെ വ്യക്തമായ സൂചനകളൊന്നുമില്ലാത്തതിനാല്‍ അടുത്ത ദിവസം അപ്പോസ്തോലിക് കൊട്ടാരത്തിൻ്റെ ജനാലയിൽ നിന്ന് പ്രസംഗം നടത്തി. “നേരിയ പനി ലക്ഷണങ്ങൾ” വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ മുൻകരുതൽ നടപടി എന്ന നിലയിൽ തിങ്കളാഴ്ച പാപ്പ തന്റെ പരിപാടികള്‍ റദ്ദ് ചെയ്തു. തിങ്കളാഴ്ച റോമിൽ നടന്ന ഒരു പരിപാടിയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ മാര്‍പാപ്പയ്ക്കു പനിയുണ്ടെന്ന് സ്ഥിരീകരിച്ചിരിന്നു. ഇന്നലെ പരിശോധനകള്‍ പൂര്‍ത്തിയാക്കി പാപ്പ ഉടന്‍ തന്നെ വത്തിക്കാനിലേക്ക് മടങ്ങിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

You might also like