ദുബായ് : വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം. പുണ്യമാസത്തിൽ ജോലി സമയം രണ്ട് മണിക്കൂറോളം കുറയ്ക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളിൽ, അവരുടെ ജോലിയുടെ സ്വഭാവത്തിന് അനുസൃതമായി, ഫ്‌ളെക്സിബിൾ അല്ലെങ്കിൽ റിമോട്ട് വർക്ക് ഷെഡ്യൂളുകൾ നടപ്പിലാക്കാൻ കമ്പനികൾക്ക് അവസരമുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
നിലവിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെയാണ് തൊഴിൽ സമയം. റമദാൻ മാസത്തിൽ ഇത് രണ്ട് മണിക്കൂറോളം കുറയും. ഇനി ഏതെങ്കിലും സാഹചര്യത്തിൽ കൂടുതൽ സമയം ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ അത് ഓവർടൈം ആയി കണക്കാക്കും. ഈ സമയത്ത് ജോലി ചെയ്യുന്നവർക്ക് അധിക വേതനം നൽകേണ്ടി വരും.ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി) പ്രസിദ്ധീകരിച്ച ഹിജ്റ കലണ്ടർ അനുസരിച്ച്, 2024 മാർച്ച് 12 ചൊവ്വാഴ്ചയാണ് റമദാൻ ആരംഭിക്കുന്നത്. മന്ത്രാലയം പുറത്തിറക്കിയ ജോലി സമയത്തിലുള്ള ആനുകൂല്യം വ്രതം അനുഷ്ഠിക്കുന്നവർക്കും അല്ലാത്തവർക്കും ബാധകമായിരിക്കും.