തിരോധാനത്തിന് പത്താണ്ട്; കാണാതായ എംഎച്ച് 370 വിമാനത്തിനായി തിരച്ചില്‍ പുനരാരംഭിക്കാനൊരുങ്ങി മലേഷ്യന്‍ ഭരണകൂടം
ക്വാലാലംപുര്‍: ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും ഇന്നും ലോകത്തിന് പിടികിട്ടാത്ത ഒരു നിഗൂഢതയാണ് മലേഷ്യന്‍ വിമാനം എംഎച്ച് 370ന്റെ തിരോധാനം. സംഭവം നടന്ന് 10 വര്‍ഷം ആകുമ്പോഴും ഈ വിമാനത്തിന് എന്തുപറ്റി എന്നതിനെക്കുറിച്ച് യാതൊരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ല. ഇപ്പോഴിതാ വിമാനം കാണാതായതിന്റെ പത്താം വാര്‍ഷിക വേളയില്‍ എംഎച്ച് 370 നായുള്ള തിരച്ചില്‍ പുനരാരംഭിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മലേഷ്യന്‍ ഭരണകൂടം.
2014 മാര്‍ച്ച് എട്ടിനാണ് മലേഷ്യയുടെ എംഎച്ച് 370 എന്ന ബോയിംഗ് 777 വിമാനം കാണാതായിരുന്നത്. 227 യാത്രക്കാരും 12 ജീവനക്കാരുമായി ക്വാലാലംപൂരില്‍ നിന്ന് ബീജിങ്ങിലേക്കുള്ള യാത്രാമധ്യേ ആണ് യാതൊരു സൂചനകളും ബാക്കി വയ്ക്കാതെ വിമാനം അപ്രത്യക്ഷമായത്. മലേഷ്യ ചൈനീസ്, ഓസ്‌ട്രേലിയന്‍ പര്യവേക്ഷകരുടെ സഹായത്തോടെ പലതവണ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇതുവരെയായി മലേഷ്യന്‍ ഭരണകൂടം 200 മില്യണ്‍ ഡോളറാണ് എംഎച്ച് 370 കണ്ടെത്താനുള്ള തിരച്ചിലിനായി ചിലവഴിച്ചിരിക്കുന്നത്. 2017 ജനുവരിയിലാണ് വിമാനത്തെ കണ്ടെത്താനുള്ള ഔദ്യോഗിക അന്വേഷണം അവസാനിച്ചത്.
വിമാനം ബോധപൂര്‍വം എവിടെയെങ്കിലും ഇറക്കിയതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം ആഫ്രിക്കയുടെ തീരത്തുനിന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചില ദ്വീപുകളില്‍ നിന്നും ഈ വിമാനത്തിന്റേതാണെന്ന് കരുതുന്ന ചില അവശിഷ്ട ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. വിമാനത്തിനായുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നതിനായി യുഎസ് കടല്‍ത്തീര പര്യവേക്ഷണ സ്ഥാപനമായ ഓഷ്യന്‍ ഇന്‍ഫിനിറ്റിയെ ക്ഷണിച്ചതായി മലേഷ്യന്‍ ഗതാഗത മന്ത്രി ആന്റണി ലോക്ക് ആണ് അറിയിച്ചത്.
കാണാതായവരുടെ ബന്ധുക്കളടക്കം 500ഓളം പേര്‍ ഇന്നലെ മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപ്പൂരിലെ ഒരു ഷോപ്പിംഗ് മാളില്‍ ഒത്തുചേര്‍ന്നിരുന്നു. കാണാതായവര്‍ക്കായി മെഴുകുതിരികള്‍ കത്തിച്ച ഇവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു.
അതേ സമയം, വിമാനത്തിന്റെ അവശിഷ്ടത്തിന്റെ വലിയൊരുഭാഗം താന്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഒരു ഓസ്‌ട്രേലിയന്‍ മത്സ്യത്തൊഴിലാളി കഴിഞ്ഞ വര്‍ഷം രംഗത്തിയിരുന്നു. വിമാനം കാണാതായി 6 മാസം കഴിഞ്ഞ് കടലില്‍ മത്സ്യബന്ധന വലയില്‍ വിമാനത്തിന്റെ ചിറകിന്റെ ഭാഗം കുടുങ്ങിയെന്നും ഉയര്‍ത്താനാകാത്ത വിധം വലുതായിരുന്നു അതെന്നും അദ്ദേഹം അവകാശപ്പെട്ടു. കരയിലെത്തി വിവരം ഓസ്‌ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റിയെ അറിയിച്ചെങ്കിലും അവര്‍ അവഗണിച്ചെന്നും മത്സ്യത്തൊഴിലാളി ആരോപിച്ചിരുന്നു.