ഹെയ്തിയിൽ കലാപത്തിന് ശമനമില്ല; കത്തോലിക്ക ആശുപത്രിയ്ക്ക് നേരെയും ആക്രമണം; സാഹചര്യം ഭയാനകമെന്ന് സന്യാസിനി

0

പോർട്ട് ഓ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്‌തിയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന കൊടിയ പീഡനങ്ങൾ തുടരുന്നു. സായുധ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് തടവുകാർ ജയിൽ ചാടി അതികഠിനമായ സാഹചര്യം നിലനിൽക്കുന്ന ഹെയ്‌തിയിൽ കത്തോലിക്ക ആശുപത്രിയ്ക്ക് നേരെയും ആക്രമണം നടന്നു.

ഹെയ്തിയിൽ മാർച്ച് മൂന്ന് മുതൽ സാഹചര്യം ഭയാനകമാണ്. അക്രമത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അഭൂതപൂർവമായ പ്രതിസന്ധിയാണ് ഈ കരീബിയൻ രാജ്യം അനുഭവിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി ഏരിയൽ ഹെൻറി എവിടെയാണെന്ന് പോലും അറിയില്ലെന്ന് ഹെയ്തിയിൽ സേവനം ചെയ്യുന്ന ഫ്രാൻസിസ്‌ക്കൻ സന്യാസിനിയായ മാർസെല്ല കാറ്റോസ പറയുന്നു.

കഴിഞ്ഞയാഴ്ച ക്രിമിനൽ സംഘങ്ങളിലെസായുധ അംഗങ്ങൾ രാജ്യത്തെ ഏറ്റവും വലിയ രണ്ട് ജയിലുകൾ ആക്രമിച്ചു. തടവുകാരെ മോചിപ്പിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. ഇത് രാത്രികാല കർഫ്യൂ ഏർപ്പെടുത്താനും 72 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും അധികാരികളെ നിർബന്ധിതരാക്കി. ഇതേ തുടർന്ന് രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിൽ തങ്ങളുടെ ശ്രമങ്ങൾ തുടരുമെന്ന് ഹെയ്തിയൻ സർക്കാർ പ്രസ്താവിച്ചു. കർഫ്യൂ നടപ്പാക്കാനും എല്ലാ നിയമ ലംഘകരെയും അറസ്റ്റ് ചെയ്യാനും അവരുടെ കൈവശമുള്ള എല്ലാ നിയമ മാർഗങ്ങളും ഉപയോഗിക്കാനും സർക്കാർ പൊലീസിനോട് ഉത്തരവിട്ടു.

പ്രധാനമന്ത്രി ഏരിയൽ ഹെന്റിയെ പുറത്താക്കുകയാണ് ഇവരുട ലക്ഷ്യം. കെനിയ സന്ദർശിക്കുന്നവേളയിലാണ് കലാപം രൂക്ഷമായത്. ഹെയ്തിയിൽ സൈന്യത്തെ വിന്യസിക്കാനുള്ള കരാറിൽ ഹെൻ്റിയും കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയും വെള്ളിയാഴ്‌ച ഒപ്പിട്ടിരുന്നു. 2016 ന് ശേഷം ദരിദ്ര രാജ്യമായ ഹെയ്തിയിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

2021 ജൂലൈയിൽ അന്നത്തെ പ്രസിഡന്റ് ജോവനൽ മൊയ്സ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ പിന്നാലെ രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുകയും രാജ്യമെമ്പാടും കലാപ സമാനമായ അന്തരീക്ഷമുയരുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

കൊലപാതകം രാഷ്ട്രീയ അസ്ഥിരത ആൾക്കൂട്ട അക്രമം എന്നിവയാൽ പൊറുതി മുട്ടിയ രാജ്യം കൂടിയാണ് ഹെയ്തി. 2020 ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനംസഖ്യയുടെ 90 ശതമാനവും ക്രൈസ്തവരാണ്. നിയമവാഴ്ചയില്ലാത്തതാണ് രാജ്യത്തെ സായുധ സംഘങ്ങൾ അധിനിവേശം നടത്താനുള്ള പ്രധാന കാരണം.

കഴിഞ്ഞ വ്യാഴാഴ്ച മുതൽ നഗരത്തിലുടനീളമുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ ഗുണ്ടാസംഘങ്ങൾ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും ചില സ്റ്റേഷനുകൾ കത്തിക്കുകയും ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിന് സമീപം വെടിവയ്പ്പ് ഉണ്ടായതിനെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു

You might also like