ഇറാക്കിൽ ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നു : മൊസൂളിലെ കൽദായ ആർച്ചുബിഷപ്പ് മിഖായേൽ നജീബ്

0

40 മില്യൺ ജനങ്ങൾ‍ ജീവിക്കുന്ന ഇറാക്കിൽ ക്രിസ്ത്യൻ ജനസംഖ്യ അപകടകരമാംവിധം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മൊസൂളിലെ കൽദായ ആർച്ചുബിഷപ്പ് മിഖായേൽ നജീബ്. വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2003 ൽ 1.4 മില്യൺ ക്രൈസ്തവർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും 2.5 ലക്ഷം പേരാണ് അവശേഷിക്കുന്നതെന്നും ഇറാക്കിലെ ക്രിസ്ത്യാനികൾ അരക്ഷിതാവസ്ഥയിലാണെന്നും അദ്ദേഹം പറയുന്നു.

എങ്കിലും 2021ൽ ഫ്രാൻസിസ് മാർപാപ്പ നടത്തിയ ഇറാക്ക് സന്ദർശനത്തിന്റെ ഫലങ്ങൾ ഇപ്പോൾ കണ്ടു തുടങ്ങുന്നതായി പറഞ്ഞ അദ്ദേഹം വിവിധമതസ്ഥർ തമ്മിലുള്ള പരസ്പര സഹകരണം വർദ്ധിച്ചുവരുന്നതായും കൂട്ടിച്ചേർത്തു. 2021 മാർച്ച് അഞ്ചാം തീയതിയാണ് ഫ്രാൻസിസ് പാപ്പ ചരിത്രപരമായ ഇറാക്ക് സന്ദർശനം നടത്തിയത്. ഇറാക്ക് സന്ദർശിക്കുന്ന ആദ്യ പാപ്പായാണദ്ദേഹം. അഞ്ചുദിവസം നീണ്ടുനിന്ന ആ സന്ദർശന സമയത്ത് അദ്ദേഹം ബാഗ്ദാദ്, അബ്രഹാമിന്റെ ജന്മസ്ഥലമായി പരിഗണിക്കപ്പെടുന്ന ഊർ എന്നിവിടങ്ങളിൽ പോയിരുന്നു. നജഫ്, നസ്സറിയ, മൊസൂൾ, എർബിൽ, ക്വാറാക്വോഷ് എന്നീ നഗരങ്ങൾ സന്ദർശിക്കുകയും അവിടങ്ങളിലുള്ള ക്രൈസ്തവരെ ബലപ്പെടുത്തുകയും മത-രാഷ്ട്രീയ നേതാക്കളുമായി കൂടികാഴ്ചകൾ നടത്തുകയും ചെയ്തിരുന്നു.

ഇറാക്കിലെ പീഡിതരായ, അനുദിനം എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന ക്രൈസ്തവരോടുള്ള തന്റെ അടുപ്പവും ആത്മീയ പിന്തുണയും അറിയിക്കാനായിരുന്നു പാപ്പാ അവിടം സന്ദർശിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ നാലുവർഷം നീണ്ട കിരാതമായ ഭരണത്തിന്റെ തിക്തഫലങ്ങളനുഭവിച്ചിരുന്ന ക്രൈസ്തവരെ പാപ്പയുടെ സന്ദർശനം ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തിരുന്നു എന്നും ആർച്ചു ബിഷപ്പ് നജീബ് അനുസ്മരിക്കുന്നു.

You might also like