നൈജീരിയയില്‍ കുട്ടികളുടെ മോചനം വൈകുന്നു; അഞ്ചു കോടി രൂപ മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ കൊല്ലുമെന്ന് ഭീഷണി സന്ദേശം
കടുന (നൈജീരിയ): നൈജീരിയയിലെ ഒരു സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 286 വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും മോചിപ്പിക്കാന്‍ വന്‍ തുക മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍. കുട്ടികളുടെ മോചനത്തിനായി മൊത്തം ഒരു ബില്യണ്‍ നൈറ (ഏകദേശം 620,432 ഡോളര്‍, അഞ്ചു കോടി രൂപ) ആണ് സായുധ സംഘം ഫോണിലൂടെ ആവശ്യപ്പെട്ടത്. ബന്ദികളുടെ കുടുംബങ്ങളുടെ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് കൊണ്ടുള്ള ഫോണ്‍ കോള്‍ എത്തിയത്. 20 ദിവസങ്ങള്‍ക്കുള്ളില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഗ്രാമവാസിയായ അമിനു ജിബ്രില്‍ പറഞ്ഞു.
നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ കടുനയിലെ കുരിഗ എന്ന പട്ടണത്തിലെ സ്‌കൂളില്‍ നിന്ന് മാര്‍ച്ച് ഏഴിനാണ് സ്‌കൂള്‍ കുട്ടികളെയും സ്‌കൂള്‍ ജീവനക്കാരെയും തട്ടിക്കൊണ്ടുപോയത്. 2021ന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ തട്ടിക്കൊണ്ടുപോകല്‍ സംഭവമാണിത്.
തട്ടിക്കൊണ്ടുപോയ കുട്ടികളില്‍ 100 പേര്‍ പ്രൈമറി സ്‌കൂളില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ളവരുമാണ്. എട്ടിനും 15നും ഇടയില്‍ പ്രായമുള്ളവരെയാണ് സായുധ സംഘം കൊണ്ടുപോയത്. അതേസമയം 28 കുട്ടികള്‍ രക്ഷപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.