ഓസ്ട്രേലിയയിലെ ടാക്‌സി ഡ്രൈവര്‍മാരുടെ വരുമാനം ഇല്ലാതാക്കി; യൂബര്‍ 272 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധി

0

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ലൈസന്‍സുള്ള ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വന്‍ നഷ്ടമുണ്ടാക്കി എന്ന ആരോപണത്തില്‍ യൂബര്‍ കമ്പനി 271.8 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധി. 8,000 ടാക്‌സി ഉടമകളും ഡ്രൈവര്‍മാരും നല്‍കിയ കേസിനെ യൂബര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഫമുണ്ടായില്ലെന്നു ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂബറിന്റെ കടന്നുകയറ്റത്തെ തുടര്‍ന്ന് വരുമാനം നഷ്ടപ്പെട്ട ടാക്സി, ഹയര്‍ കാര്‍ ഡ്രൈവര്‍മാര്‍ക്കാണ് കമ്പനി ഇത്രയും വലിയ തുക നഷ്ടപരിഹാരം നല്‍കണമെന്ന് വിക്‌ടോറിയ സുപ്രീംകോടതി വിധിച്ചത്. 2019 ലാണ് കേസ് ഫയല്‍ ചെയ്തത്.

വിക്ടോറിയ സുപ്രീംകോടതി ജഡ്ജി ലിസ നിക്കോളാസ് ആണ് യൂബര്‍ ഭീമമായ തുക നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്. ഓസ്ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഷ്ടപരിഹാര വിധിയാണിത്. ഓസ്ട്രേലിയന്‍ മാര്‍ക്കറ്റ് യൂബര്‍ കീഴടക്കിയതോടെ, 8,000ത്തോളം ഡ്രൈവര്‍മാര്‍ക്കാണ് വരുമാനം നഷ്ടമായത്. ഇത് ചൂണ്ടിക്കാട്ടിയാണ് മൗറിസ് ബ്ലാക്ബേണ്‍ ലോയേഴ്സ് എന്ന അഭിഭാഷക സ്ഥാപനം കോടതിയെ സമീപിച്ചത്. ഡ്രൈവര്‍മാര്‍ക്കുള്ള നഷ്ടപരിഹാരം എല്ലാത്തവണയും കമ്പനി മുടക്കുകയായിരുന്നു എന്ന് ബ്ലാക്‌ബേണ്‍ പ്രിന്‍സിപ്പല്‍ അഭിഭാഷകന്‍ മിഖായേല്‍ ഡോണ്‍ലി പറഞ്ഞു. കോടതി വിധി ഓസ്ട്രേലിയന്‍ ടാക്സി മേഖലയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക ടാക്സി, ഹയര്‍ കാര്‍ ഡ്രൈവര്‍മാരെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്ട്രേലിയയില്‍ യൂബര്‍ എക്സ് ആരംഭിച്ചതെന്ന് അഭിഭാഷകര്‍ പറഞ്ഞു. ലൈസന്‍സ് ഇല്ലാത്ത കാറുകളെയും ഡ്രൈവര്‍മാരെയുമാണ് കമ്പനി ഉപയോഗിച്ചത്. റെഗുലേറ്റര്‍മാരെ കബളിപ്പിച്ചെന്നും അഭിഭാഷകര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കമ്പനി ആരംഭിക്കുന്ന സമയത്ത് ലോകത്ത് ഒരിടത്തും റൈഡ് ഷെയര്‍ നിയമം നിലവില്‍ ഇല്ലായിരുന്നു എന്നാണ് യൂബര്‍ വക്താവ് വാദിച്ചത്. ഇന്ന് എല്ലാ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും യൂബറിനെ അംഗീകരിച്ചിട്ടുണ്ട്. യൂബര്‍ ഗതാഗത സംവിധാനങ്ങളുടെ പ്രധാന ഭാഗമാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും യൂബര്‍ വക്താവ് അവകാശപ്പെട്ടു.

You might also like