ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി ബ്രസീലിൽ; 115കാരിയായ സിസ്റ്റർ ഇനയുടെ ജീവിത രഹസ്യം പ്രാർത്ഥന

0

ബ്രസീലിയ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനിയായ സിസ്റ്റർ ഇനാ കാനബാരോ ലൂക്കാസിന്റെ ജീവിതത്തിന്റെ രഹസ്യം പ്രാർത്ഥന. ബ്രസീലിലെ തെരേസിയൻ സിസ്റ്റേഴ്‌സിന്റെ പ്രൊവിൻഷ്യൽ ഹൗസിനോട് ചേർന്നുള്ള പോർട്ടോ അലെഗ്രെയിൽ സാന്റോ എൻറിക്ക് ഡി ഒസ്സോ ഹോമിലാണ് സിസ്റ്റർ ഇനാ കാനബാരോ ലൂക്കാസ് താമസിക്കുന്നത്.

“എന്റെ രഹസ്യം പ്രാർഥിക്കുക എന്നതാണ്. ലോകമെമ്പാടുമുള്ള എല്ലാ ആളുകൾക്കും വേണ്ടി ഞാൻ ദിവസവും ജപമാല ചൊല്ലി പ്രാർഥിക്കുന്നെന്ന് 115കാരിയായ സിസ്റ്റർ ഇനാ കാനബാരോ ലൂക്കാസ് പറയുന്നു. 1927ൽ 19-ാം വയസിലാണ് സിസ്റ്റർ ഇനാ കാനബാരോ ലൂക്കാസ് സന്യാസിനിയായിത്തീരുന്നത്.” സിസ്റ്റർ പറഞ്ഞു

“സിസ്റ്റർ ഇനാ കാനബാരോ ലൂക്കാസ് ഇപ്പോഴും മറ്റുള്ളവർക്കായി പ്രവർത്തിക്കുന്നതിൽ തൽപരയാണ്. സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതു കണ്ടിട്ടില്ല. ഒന്നിനോടും പരാതിപ്പെടാതെ എല്ലാം വിലമതിക്കുന്ന പ്രകൃതമാണ്. അതിനാൽത്തന്നെ സഭയെയും സന്യാസ സമൂഹത്തെയും വളരെ ആദരവോടെയാണ് കാണുന്നത്”- കോർഡിനേറ്ററായ സിസ്റ്റർ ലൂസിയ ഇഗ്‌നസ് ബാസോട്ടോ കാതലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

എപ്പോഴും സജീവമായിരിക്കാൻ ആഗ്രഹിക്കുന്നു എന്നതാണ് സിസ്റ്റർ ഇനയുടെ മറ്റൊരു പ്രത്യേകത. സമൂഹ പ്രാർഥനകളിൽ പങ്കെടുക്കുന്നത് തുടരുന്നു. പൂന്തോട്ടത്തിലായിരിക്കാനും സഹോദരിമാരോടൊപ്പം സമയം ചെലവഴിക്കാനും ഇഷ്ടപ്പെടുന്നു. ആരോഗ്യം ശരിയായിരിക്കുന്ന അവസരങ്ങളിൽ സന്യാസിനിമാരോട് തമാശകൾ പറയാനും കളിക്കാനുമൊക്കെ പ്രായമായ ഈ അമ്മയും ഒത്തുകൂടും.

1908 മെയ് 27 ന് പടിഞ്ഞാറൻ – മധ്യ റിയോ ഗ്രാൻഡെ ഡോ സുളിലെ സാവോ ഫ്രാൻസിസ്കോ ഡി അസിസ് പട്ടണത്തിലാണ് ഇനാ കാനബാരോ ലൂക്കാസ് ജനിച്ചത്. സന്യാസിനികളുടെ സ്‌കൂളിലാണ് സിസ്റ്റർ ഇന പഠിച്ചത്. 115 വർഷത്തെ ജീവിത കലായളവിനുള്ളിൽ ലോകത്തിലെയും സഭയിലെയും പല മാറ്റങ്ങളും സിസ്റ്റർ ഇന കണ്ടും കേട്ടും മനസിലാക്കി. രണ്ട് ലോക മഹായുദ്ധങ്ങളിലൂടെ ജീവിക്കുകയും 10 മാർപാപ്പാമാരെ സന്ദർശിക്കുകയും ചെയ്തു.

You might also like